യു.എസില്‍ ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതിമാരും മകളും വിമാനാപകടത്തില്‍ മരിച്ചു

യു.എസില്‍ വിമാനം തകര്‍ന്നു വീണ് ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതിമാരും മകളും മരിച്ചു. വ്യാഴാഴ്ച രാവിലെ  ഫിലാഡല്‍ഫിയയില്‍ വെച്ചായിരുന്നു അപകടം.ഡോ.ജസ്‌വീര്‍ കുറാന,ഭാര്യ ഡോ. ദിവ്യ കുറാന, മകള്‍ കിരണ്‍ കുറാന എന്നിവരാണ് മരിച്ചത്. മരിച്ച മകളെ കൂടാതെ മറ്റൊരു മകള്‍ക്കൂടിയിവര്‍ക്കുണ്ട്. അപകടം നടക്കുമ്പോള്‍ വിമാനം നിയന്ത്രിച്ചിരുന്നത് കുറാനയായിരുന്നുവെന്ന് ഫിലാഡല്‍ഫിയ ഇന്‍ക്വയറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളായിരുന്നു മരിച്ച ഡോക്ടര്‍ ദമ്പതിമാര്‍. രണ്ട് പതിറ്റാണ്ട് മുമ്പാണ് ഇവര്‍ യുഎസിലേക്ക് കുടിയേറിയത്. രാവിലെ ആറുമണ്ക്ക് ശേഷം നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് കൊളംബസിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിമാനത്താവളത്തിലേക്കുള്ള പോവുന്ന വഴിയാണ് അപകടം നടന്നതെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് (എന്‍ടിഎസ്ബി) അറിയിച്ചു.. വിമാനത്തിന്റെ അവസാന ലക്ഷ്യസ്ഥാനം സെന്റ് ലൂയിസ് ആയിരിക്കുമെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വിമാനം നിര്‍ത്തുന്നതിന് മുമ്പ് നിരവധി മരങ്ങളില്‍ തട്ടി, അവശിഷ്ടങ്ങള്‍ നാല് വീട്ടുമുറ്റങ്ങളില്‍ വ്യാപിച്ചതായി അപ്പര്‍ മോറിലാന്‍ഡ് പോലീസ് മേധാവി മൈക്കല്‍ മര്‍ഫി പത്രസമ്മേളനത്തില്‍ പറഞ്ഞു.എന്നാല്‍ വീടുകള്‍ക്കൊന്നും ഒരു തകരാറും സംഭവിച്ചില്ലെന്ന് മര്‍ഫി പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയിലെ പാത്തോളജി വിഭാഗത്തിലെ ഫാകല്റ്റിയായിരുന്നു മരിച്ച ജസ്‌വീര്‍ കുറാന.ഇവിടുത്തെ ബോണ്‍ പാത്തോളജിയിലെ പൂര്‍വ്വ വിദ്യാര്‍ഥിയും കൂടിയായിരുന്നു ഇദ്ദേഹം.അദ്ദേഹത്തിന്റെ നിര്യാണത്തില്‍ യൂണിവേഴ്‌സിറ്റി അനുശോചനം അറിയിച്ചു.