'ഇന്ത്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി'; മാന്ദ്യമില്ലെന്ന്​ ഐ.എം.എഫ്​

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ നിലവിലെ സാഹചര്യത്തെ മാന്ദ്യമായി കാണാനാവില്ലെന്ന് ഐ.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ. അതേസമയം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ വലിയ ഇടിവുണ്ടായെന്നും ക്രിസ്റ്റലീന വ്യക്തമാക്കി. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രശ്നങ്ങളാണ്​ രാജ്യത്തെ പ്രതിസന്ധിയിലേക്ക്​ നയിക്കുന്നത്​. എന്നാൽ, ഇന്ത്യയിൽ മാന്ദ്യ​ത്തി​ന്റേതായ സാഹചര്യമില്ലെന്നാണ്​ ഐ.എം.എഫ്​ വ്യക്​തമാക്കുന്നത്​.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ വലിയ കുറവാണ്​ രേഖപ്പെടുത്തുന്നത്​. കഴിഞ്ഞ വർഷം നാല്​ ശതമാനമായി ഇന്ത്യയിലെ വളർച്ചാനിരക്ക് ഐ.എം.എഫ്​​ കുറച്ചിരുന്നു. അടുത്ത വർഷം 5.8 ശതമാനമായിരിക്കും വളർച്ചാനിരക്ക്​. 2021ൽ 6.5 ശതമാനമായിരിക്കും വളർച്ചാനിരക്കെന്നും ക്രിസ്റ്റലീന കൂട്ടിച്ചേർത്തു​.

ഇന്ത്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന റിപ്പോര്‍ട്ട് ഐ.എം.എഫ് നേരത്തെ പുറത്തു വിട്ടിരുന്നു. രാജ്യത്തു സാമ്പത്തികമാന്ദ്യം ഇല്ലെന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വാദഗതികളെ തള്ളിയായിരുന്നു ഇത്. കാതലായ നയവ്യതിയാനം അനിവാര്യമെന്നും ഐ.എം.എഫിന്റെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.