ബൈഡന്‍റെ വൈറ്റ്ഹൗസ് സംഘത്തിൽ ഇരുപതോളം ഇന്ത്യൻ വംശജർ; ശാന്തി കളത്തിൽ ദേശീയ സുരക്ഷാ കൗൺസിലിൽ 

അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വൈറ്റ്ഹൗസ് സംഘത്തിൽ ഇന്ത്യൻ സമൂഹത്തിന്  അഭിമാനകരമായ പ്രാതിനിധ്യം.  നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്ന 20 ഇന്ത്യൻ വംശജരിൽ വൈറ്റ്ഹൗസ് സമുച്ചയത്തിലെ വിവിധ വകുപ്പുകളിലായി ഉന്നതപദവികളിലുള്ളത് നീര ഠണ്ഡൻ ഉൾപ്പെടെ 17 പേരാണ്. 13 പേർ വനിതകൾ.

ശാന്തി കളത്തിൽ ദേശീയ സുരക്ഷാ കൗൺസിലിൽ 

യു.എസ് ദേശീയ സുരക്ഷാ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശാന്തി കളത്തിൽ നിലവിൽ ഇന്റർനാഷനൽ ഫോറം ഫോർ ഡെമോക്രാറ്റിക് സ്റ്റ‍ഡീസിന്റെ സീനിയർ ഡയറക്ടറാണ്. മുമ്പ് യു.എസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റിന്റെ സീനിയർ ഡെമോക്രസി ഫെലോ, കാർനഗി എൻഡോവ്മെന്റ് ഫോർ ഇന്റർനാഷനൽ പീസിന്റെ അസോസിയേറ്റ്, ഏഷ്യൻ വാൾ സ്ട്രീറ്റ് ജേണലിന്റെ ഹോങ്കോങ് ലേഖിക തുടങ്ങിയ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാൾ പോളി സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ അന്തരിച്ച ഡോ. ജയിംസ് സക്കറിയ കളത്തിലിന്റെയും ലൂസിയയുടെയും മകളാണ് ശാന്തി.

കേരളത്തിൽ ജനിച്ച പ്രൊഫ. ജയിംസ്, ഇലിനോയ് സർവകലാശാലയിൽ ഉപരിപഠനത്തിനായാണ് യുഎസിൽ എത്തിയത്. ബറാക് ഒബാമയുടെ മുൻ സ്പെഷൽ അസിസ്റ്റന്റും ആണവായുധ വിരുദ്ധ പ്രവർത്തകനും കോളമിസ്റ്റുമായ ജോൺ വൂൾഫ്സ്താലാണ് ശാന്തിയുടെ ഭർത്താവ്. ജയൻ കളത്തിൽ സഹോദരനാണ്.

ബൈഡൻ ടീമിലെ മറ്റ് ഇന്ത്യൻ താരങ്ങൾ

നീര ഠണ്ഡൻ – ഡയറക്ടർ, വൈറ്റ്ഹൗസ് ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ്

ഡോ. വിവേക് മൂർത്തി– യു.എസ് സർജൻ ജനറൽ

വനിത ഗുപ്ത– അസോസിയേറ്റ് അറ്റോർണി ജനറൽ, ജസ്റ്റിസ് വകുപ്പ്

ഉസ്ര സേയ– സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ സിവിലിയൻ സെക്യൂരിറ്റി, ഡമോക്രസി ഹ്യൂമൻ റൈറ്റ്സ് അണ്ടർ സെക്രട്ടറി

മാല അഡിഗ– യുഎസ് പ്രഥമവനിതയാകാൻ പോകുന്ന ജിൽ ബൈഡന്റെ പോളിസി ഡയറക്ടർ

ഗരിമ വർമ– പ്രഥമവനിതയുടെ ഓഫിസിലെ ഡിജിറ്റൽ ഡയറക്ടർ

സബ്രിന സിംഗ്– വൈറ്റ് ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി

ഐഷ ഷാ – പാർട്ടനർഷിപ്പ് മാനേജർ, വൈറ്റ് ഹൗസ് ഓഫീസ് ഓഫ് ഡിജിറ്റൽ സ്ട്രാറ്റജി

സമീറ ഫസിലി– നാഷനൽ ഇക്കണോമിക് കൗൺസിൽ ഡപ്യൂട്ടി ഡയറക്ടർ

ഭരത് രാമമൂർത്തി – നാഷനൽ ഇക്കണോമിക് കൗൺസിൽ ഡപ്യൂട്ടി ഡയറക്ടർ

ഗൗതം രാഘവൻ– ഡപ്യൂട്ടി ഡയറക്ടർ, ഓഫീസ് ഓഫ് പ്രസിഡൻഷ്യൽ പെഴ്സനൽ

വിനയ് റെഡ്ഡി– ഡയറക്ടർ സ്പീച്‍ റൈറ്റിംഗ് ‌

വേദാന്ത് പട്ടേൽ– അസിസ്റ്റന്റ് പ്രസ് സെക്രട്ടറി

തരുൺ ഛബ്ര– സീനിയർ ഡയറക്ടർ ഫോർ ടെക്നോളജി ആൻഡ് നാഷനൽ സെക്യൂരിറ്റി

സുമന ഗുഹ– സീനിയർ ഡയറക്ടർ ഫോർ സൗത്ത് ഏഷ്യ

ശാന്തി കളത്തിൽ – കോഓർഡിനേറ്റർ ഫോർ ഡമോക്രസി ആൻഡ് ഹ്യൂമൻ റൈറ്റ്സ്

സോണിയ അഗർവാൾ– സീനിയർ അഡ്വൈസർ ഫോർ ക്ലൈമറ്റ് പോളിസി ആൻഡ് ഇന്നവേഷൻ

വിദുർ ശർമ– കോവിഡ് കർമ്മസമിതി പോളിസി അഡ്വൈസർ ഫോർ ടെസ്റ്റിംഗ്

നേഹ ഗുപ്ത– അസോസിയേറ്റ് കോൺസൽ

റീമ ഷാ– ഡപ്യൂട്ടി അസോസിയേറ്റ് കോൺസൽ.