ഏകദേശം 7,25,000 ഇന്ത്യക്കാർ അമേരിക്കയിൽ അനധികൃതമായി കഴിയുന്നതായി റിപ്പോർട്ട്. പേവ് റിസർച്ച് സെൻററിൻറെ കണക്കുകൾ പ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മെക്സിക്കോയും എൽസാൽവദോറും ആണ് അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനത്ത്.
നാടുകടത്താനായി കണ്ടെത്തിയ 15 ലക്ഷം അധികൃത കുടിയേറ്റക്കാരിൽ 18,000 പേർ മതിയായ രേഖകൾ ഇല്ലാത്ത ഇന്ത്യൻ പൗരന്മാരാണെന്നാണ് യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻറിൻറെ (ഐ.സി.ഇ) പ്രാഥമിക കണ്ടെത്തൽ.
അതിനിടെ, അനധികൃത കുടിയേറ്റക്കാരായ 205 ഇന്ത്യക്കാരുമായി പുറപ്പെട്ട അമേരിക്കൻ സൈനിക വിമാനം എത്തുക പഞ്ചാബിലെ അമൃത്സറിൽ. സാൻറിയാഗോയിൽ നിന്ന് പുറപ്പെട്ട യു.എസ് വ്യോമസേനയുടെ സി-17 വിമാനം അമൃത്സർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. തുടർനടപടികൾ പൂർത്തിയാക്കി പൗരന്മാരെ ഇന്ത്യക്ക് കൈമാറാനാണ് യു.എസ് തീരുമാനം. അതേസമയം, യാത്രക്കിടെ ഇന്ധനം നിറക്കാനായി ജർമനിയിലെ റാംസ്റ്റീനിൽ വിമാനം ഇറങ്ങുമെന്നും വിവരമുണ്ട്.
Read more
ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻറ് പദവയിൽ എത്തിയതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ മടക്കി അയച്ചിട്ടുണ്ട്. ടെക്സസിലെ എൽ പാസോ, കാലിഫോർണിയയിലെ സാൻ ഡീഗോ എന്നിവിടങ്ങളിലുള്ള 5,000ലധികം കുടിയേറ്റക്കാരെ വിമാനമാർഗം സ്വദേശത്തേക്ക് എത്തിക്കും.