നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ, സൈനിക ഹെലികോപ്റ്ററുകൾ നേപ്പാളിലെത്തി; ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി ഉയർന്നു

നേപ്പാൾ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി ഉയർന്നു. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നേപ്പാളിലെ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹി വരെ അനുഭവപ്പെട്ടു. നേപ്പാൾ സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും തുടരുകയാണ്.

നേപ്പാളിന്‌ വേണ്ട എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രി ഉണ്ടായതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകൾ നേപ്പാളിലെത്തി.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജാജര്‍കോട്ടിലെ റമിദണ്ഡയ്ക്ക് സമീപം രേഖപ്പെടുത്തി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ജാജര്‍കോട്ട് ജില്ലയിൽ 30ലധികം പേർ കൊല്ലപ്പെട്ടപ്പോൾ തൊട്ടടുത്തുള്ള റുകും വെസ്റ്റ് ജില്ലയിൽ 35 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

പ്രാദേശിക സമയം 11.47ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ച് വരുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വിവിധയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹി, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാമ് ഇന്ത്യയില്‍ ഭൂചലനം അനുഭവപ്പെട്ടത്.

അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ അറിയിച്ചു. അതിനിടെ ഇന്നലെയുണ്ടായ ദുരന്തത്തിൽ നേപ്പാൾ നൽഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും മരിച്ചുവെന്ന് സ്ഥിരീകരണം വന്നു.