റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. റഷ്യയോടൊപ്പമല്ല, യുഎസിനോടൊപ്പം നില്‍ക്കണമെന്ന് മോദി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നവാരോ പറഞ്ഞു.
ഷി ജിന്‍പിങും പുടിനുമൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടുചേരുന്നത് ലജ്ജാകരമാണ്. അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് തനിക്കറിയില്ല. റഷ്യയ്‌ക്കൊപ്പമല്ല, അമേരിക്കയ്‌ക്കൊപ്പമാണ് നില്‍ക്കേണ്ടതെന്ന് അദ്ദേഹം തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രി മോദി ചൈന സന്ദര്‍ശിച്ച് ഒരു ദിവസത്തിന് ശേഷമാണ് ട്രംപിന്റെ ഉപദേഷ്ടാവിന്റെ പരാമര്‍ശം ഉണ്ടായത്, ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ (എസ്സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങുമായും നടത്തിയ കൂടിക്കാഴ്ച അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുമ്പോഴാണ് അമേരിക്കയുടെ ഒളിയമ്പുകള്‍. നേരത്തേയും നവാരോ മോദിയ്‌ക്കെതിരെ പലവട്ടം രംഗത്ത് വന്നിരുന്നു.
യുക്രെയ്ന്‍ യുദ്ധത്തെ പീറ്റര്‍ നവാരോ ‘മോദിയുടെ യുദ്ധം’ എന്ന് വിശേഷിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യന്‍ സൈന്യത്തെ സഹായിക്കുന്നതായും ഇത് യുഎസ് നികുതിദായകനു മേല്‍ അധികഭാരം ചുമത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇന്ത്യ ഈടാക്കുന്നത് ഉയര്‍ന്ന തീരുവയാണെന്നും അത് അംഗീകരിക്കാന്‍ തയാറാകുന്നില്ലെന്നും പറഞ്ഞിരുന്നു. ‘ഇന്ത്യ നികുതികളുടെ മഹാരാജാവ്’ ആണെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ നവാരോ ഉന്നയിച്ചിരുന്നു. ബ്രാഹ്‌മണര്‍ ഇന്ത്യന്‍ ജനതയെ ചൂഷണം ചെയ്ത് ലാഭം കൊയ്യുകയാണെന്നും അത് നിര്‍ത്തേണ്ടതുണ്ടെന്നും നവാരോ പറഞ്ഞിരുന്നു.
ഇന്ത്യചൈനറഷ്യ ബന്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനകള്‍ നല്‍കിയാണ് ഷാങ്ഹായ് സഹകരണ കൂട്ടായ്മ ഉച്ചകോടി സമാപിച്ചത്. യുഎസിന്റെ തീരുവയുദ്ധത്തെ പ്രതിരോധിക്കാന്‍ ശക്തമായ കൂട്ടായ്മ വേണമെന്ന ആഹ്വാനമാണ് യുഎസിനെ നേരിട്ടു പരാമര്‍ശിക്കാതെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നടത്തിയത്. ‘പ്രിയ സുഹൃത്ത്’ എന്നാണു റഷ്യന്‍ ഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അഭിസംബോധന ചെയ്തത്.
Read more
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള യുഎസിന്റെ ഇരട്ടിത്തീരുവ പ്രഖ്യാപനത്തിനുശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. യുഎസ് ഭീഷണിക്കിടയിലും വ്യാപാര ഇടപാടുകള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനുള്ള വഴികള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കെതിരെ താരിഫ് ബോംബ് പ്രയോഗിച്ചതിനുശേഷം, വൈറ്റ് ഹൗസ് മോസ്‌കോയുമായുള്ള ന്യൂഡല്‍ഹിയുടെ തുടര്‍ച്ചയായ ക്രൂഡ് വ്യാപാരത്തെ നിരന്തരം വിമര്‍ശിച്ചിരുന്നു. എണ്ണ വാങ്ങലില്‍ നിന്നുള്ള വരുമാനം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ യുക്രെയ്നിനെതിരായ യുദ്ധത്തിന് ധനസഹായം നല്‍കുന്നുവെന്നും ആരോപിച്ചു. ഇന്ത്യ- റഷ്യ- ചൈന ബന്ധത്തെ സംശയത്തോടേയും ജാഗ്രതയോടേയുമാണ് അമേരിക്ക നോക്കികാണുന്നത്.







