'ഞാനൊരു രാഷ്ട്രീയ തടവുകാരനാണ്': രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരിൽ എന്നെ ലക്ഷ്യം വെക്കുന്നു: പലസ്തീൻ പ്രതിഷേധത്തിന്റെ പേരിൽ അമേരിക്കയിൽ തടവിലായ മഹ്മൂദ് ഖലീലിന്റെ ആദ്യ പ്രസ്താവന

ഫെഡറൽ ഇമിഗ്രേഷൻ അധികാരികൾ തടഞ്ഞുവച്ചതിനു ശേഷമുള്ള തന്റെ ആദ്യ പ്രതികരണത്തിൽ, പലസ്തീൻ ആക്ടിവിസ്റ്റും അടുത്തിടെ കൊളംബിയയിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥിയുമായ മഹ്മൂദ് ഖലീൽ താൻ രാഷ്ട്രീയ തടവുകാരനാണ് എന്ന് പറഞ്ഞു. യുഎസ് തടങ്കലിൽ കുടിയേറ്റക്കാർ നേരിടുന്ന അവസ്ഥകൾക്കെതിരെ സംസാരിച്ചതിനും തന്റെ രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരിലും ട്രംപ് ഭരണകൂടം തന്നെ ലക്ഷ്യമിടുന്നുണ്ടെന്നും മഹ്മൂദ് ഖലീൽ പറഞ്ഞു.

“ഞാൻ ഒരു രാഷ്ട്രീയ തടവുകാരനാണ്” ദി ഗാർഡിയന് നൽകിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.” ലൂസിയാനയിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ നിന്നാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്. അവിടെ ഞാൻ തണുത്ത പ്രഭാതങ്ങളിൽ ഉണരുകയും നിയമത്തിന്റെ സംരക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട നിരവധി ആളുകൾക്കെതിരെ നടക്കുന്ന നിശബ്ദമായ അനീതികൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് നീണ്ട ദിവസങ്ങൾ ചെലവഴിക്കുകയും ചെയ്യുന്നു.”

കഴിഞ്ഞ വസന്തകാലത്ത് കൊളംബിയ യൂണിവേഴ്സിറ്റിയുടെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ സ്ഥിരം യുഎസ് താമസക്കാരനായ മഹ്മൂദ് ഖലീലിനെ മാർച്ച് 8 ന് ന്യൂയോർക്കിൽ ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചു. അദ്ദേഹത്തിന്റെ ഗ്രീൻ കാർഡ് റദ്ദാക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. “വിയോജിപ്പുകളെ അടിച്ചമർത്താനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായി ട്രംപ് ഭരണകൂടം എന്നെ ലക്ഷ്യമിടുന്നു”  മഹ്മൂദ് ഖലീൽ പറഞ്ഞു.

ലൂസിയാനയിലെ ജെനയിലുള്ള ഒരു ഐസ് തടങ്കൽ കേന്ദ്രത്തിൽ നിന്ന് ഖലീൽ തന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഫോണിലൂടെ പറഞ്ഞുകൊടുത്ത പ്രസ്താവനയിൽ, തങ്ങളുടെ കസ്റ്റഡിയിലുള്ള കുടിയേറ്റക്കാരോടുള്ള അമേരിക്കയുടെ പെരുമാറ്റം, ഗാസ മുനമ്പിൽ ഇസ്രായേൽ വീണ്ടും ബോംബാക്രമണം നടത്തിയതിനെതിരെ, യുഎസ് വിദേശനയത്തിനെതിരെ, വിദ്യാർത്ഥികളെ ശിക്ഷിക്കാനുള്ള ഫെഡറൽ സമ്മർദ്ദത്തിന് കൊളംബിയ യൂണിവേഴ്സിറ്റി കീഴടങ്ങിയതായും അദ്ദേഹം വിമർശിക്കുന്നു.

“സ്വതന്ത്ര പലസ്തീനിനും ഗാസയിലെ വംശഹത്യ അവസാനിപ്പിക്കുന്നതിനും വേണ്ടി വാദിച്ചപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള എന്റെ അവകാശം വിനിയോഗിച്ചതിന്റെ നേരിട്ടുള്ള അനന്തരഫലമായിരുന്നു എന്റെ അറസ്റ്റ്.” പ്രസ്താവനയിൽ പറഞ്ഞു. ന്യൂയോർക്കിലെ തന്റെ യൂണിവേഴ്സിറ്റി ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ വെച്ച്, ആദ്യത്തെ കുഞ്ഞിനൊപ്പം എട്ട് മാസം ഗർഭിണിയായ ഭാര്യ നൂർ അബ്ദല്ലയുടെ മുന്നിൽ വെച്ച് അറസ്റ്റ് ചെയ്തത് ഖലീൽ വിവരിച്ചു. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത ഏജന്റുമാർ “വാറണ്ട് നൽകാൻ വിസമ്മതിക്കുകയും തുടർന്ന് ഒരു അടയാളപ്പെടുത്താത്ത കാറിൽ കയറ്റാൻ നിർബന്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

“ആ നിമിഷം, എന്റെ ഒരേയൊരു ആശങ്ക നൂറിന്റെ സുരക്ഷയായിരുന്നു. എന്റെ പക്ഷം വിട്ടുപോകാത്തതിന് ഏജന്റുമാർ അവളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ, അവളെയും കൊണ്ടുപോകുമോ എന്ന് എനിക്ക് ഒരു ഊഹവുമില്ലായിരുന്നു.” ഖലീൽ പറഞ്ഞു. പിന്നീട് ഖലീലിനെ ന്യൂജേഴ്‌സിയിലെ ഒരു ഐസ് കേന്ദ്രത്തിലേക്ക് മാറ്റി, തുടർന്ന് 1,400 മൈൽ അകലെയുള്ള ലൂസിയാന തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെയാണ് അദ്ദേഹം ഇപ്പോൾ തടവിൽ കഴിയുന്നത്.

മഹ്മൂദ് ഖലീലിന്റെ പ്രസ്താവനയുടെ പൂർണരൂപം