ബന്ദികളെ വിട്ടയ്ക്കും, ഗാസയില്‍ വെടിനിര്‍ത്താന്‍ ഇസ്രയേല്‍ തയാറാകുമെന്ന് ഖത്തര്‍; മധ്യസ്ഥ്യ ചര്‍ച്ചകള്‍ ഫലംകണ്ടുതുടങ്ങി; 13,300 പേരുടെ ജീവന്‍ പൊലിഞ്ഞു

ഹമാസിനെതിരെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധം താല്‍ക്കാലികമായ അവസാനിപ്പിച്ചേക്കും. ഖത്തറിന്റെ മധ്യസ്ഥ്യത്തില്‍ നടക്കുന്ന ചര്‍ച്ചയിലാണ് യുദ്ധവിരാമമാകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇക്കാര്യം ഹമാസ് രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായില്‍ ഹനിയേ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചുദിവസത്തേക്ക് വെടിനിര്‍ത്തുക, ഗാസയിലേക്ക് അവശ്യസഹായങ്ങള്‍ എത്തിക്കുക, ഹമാസ് ബന്ദികളാക്കിയ 240 പേരില്‍ 50 പേരെയെങ്കിലും വിട്ടയക്കുക തുടങ്ങിയ വ്യവസ്ഥകള്‍ വെച്ചായിരുന്നു ചര്‍ച്ച.

ബന്ദികളെ വിട്ടയക്കുന്നത് ഉള്‍പ്പെടെ ഉടന്‍ നല്ല വാര്‍ത്ത വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്നലെ പറഞ്ഞു. ബന്ദികളെ വിട്ടയക്കുന്നതില്‍ ചര്‍ച്ച നിര്‍ണായകഘട്ടത്തിലാണെന്നും ധാരണയ്ക്ക് തൊട്ടരികിലാണെന്നും ഖത്തര്‍ വിദേശ മന്ത്രാലയ വക്താവ് മജെദ് അല്‍ അന്‍സാരി പറഞ്ഞു.

യുദ്ധം ആരംഭിച്ച് ഏഴാം ആഴ്ചയിലേക്ക് കടന്ന ഇസ്രയേല്‍ ആക്രമണം ഗാസയെ ഏതാണ്ട് പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്. ഇതേവരെ 13,300 പേരാണ് കൊല്ലപ്പെട്ടത്.

അതേസമയം, ഇസ്രയേല്‍ സൈന്യം ഗാസയില്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ അറബ്- ഇസ്ലാമിക രാജ്യങ്ങളുമായി പ്രവര്‍ത്തിക്കുമെന്ന് ചൈന വ്യക്തമാക്കി. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ചൈനീസ് വിദേശമന്ത്രി വാങ് യി ആവശ്യപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗ രാജ്യങ്ങളിലേക്കുള്ള പര്യടനം ആരംഭിക്കുന്നതിനായി ബീജിങ്ങിലെത്തിയ അറബ്- ഇസ്ലാമിക രാജ്യങ്ങളെ സ്വാഗതം ചെയ്യുകയായിരുന്നു അദേഹം. സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, പലസ്തീന്‍ അതോറിറ്റി, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള വിദേശമന്ത്രിമാരാണെത്തിയത്.

അതേസമയം, ഗസ്സയിലുള്ള ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ ടാങ്കുകളെ ആക്രമിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹമാസ് സായുധ വിഭാഗമായ അല്‍ ഖസ്സം ബ്രിഗേഡ്. ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Read more

തോക്കുകളും ചെറു മിസൈലുകളും ഉപയോഗിച്ച് നിരവധി ഇസ്രായേലി ടാങ്കുകള്‍ തകര്‍ക്കുന്നത് ദൃശ്യങ്ങളിലുണ്ട്. നിരവധി ഇസ്രായേല്‍ സൈനികരുടെ യൂനിഫോമും യുദ്ധോപകരണങ്ങളും വിഡിയോയില്‍ കാണിക്കുന്നുണ്ട്.