ജി-7 ഉച്ചകോടി: 'ലോകനേതാക്കളുമായി ചർച്ച നടത്തി പ്രധാനമന്ത്രി'; പ്രതിരോധ സഹകരണം ശക്തമാക്കും

ജി-7 ഉച്ചകോടിക്കിടെ ലോകനേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുക്രൈൻ പ്രസിഡൻ്റ് വൊളോദിമർ സെലൻസ്കി എന്നിവരുമായി നരേന്ദ്ര മോദി ചർച്ച നടത്തി. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി പറഞ്ഞു.

മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുമെന്നും മോദി അറിയിച്ചു. പ്രതിരോധം, ബഹിരാകാശം, വിദ്യാഭ്യാസം, കാലാവസ്ഥ, നിർമിതബുദ്ധി, കായികം തുടങ്ങിയ മേഖലകളിൽ ചേർന്ന് പ്രവർത്തിക്കാനും ഇരുവരും തമ്മിൽ ധാരണയായതായാണ് സൂചന.

പ്രതിരോധം, വ്യാപാരം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വിഭാവനം ചെയ്യുന്ന റോഡ് ‌മാപ്പ് 2030 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ചർച്ച ചെയ്‌തു. ബ്രിട്ടനുമായുള്ള സഹകരണം മൂന്നാം എൻഡിഎ സർക്കാരിൻ്റെ കാലത്ത് കൂടതൽ ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു. സെമികണ്ടക്‌ടർ, വ്യാപാരം, നിർമിതബുദ്ധി തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണമുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ജി-7 രാജ്യങ്ങളായ കാനഡ, ഫ്രാൻസ്, ഇറ്റലി, ജർമനി, ജപ്പാൻ, ബ്രിട്ടൻ, യു.എസ്. എന്നിവയുടെ ഭരണാധികാരികളും യൂറോപ്യൻ യൂണിയൻ്റെ സാരഥികളുമാണ് രണ്ടുദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യ, ബ്രസീൽ, തുർക്കി, അൾജീരിയ, കെനിയ, ടുണീഷ്യ എന്നീ രാജ്യങ്ങളുടെ നേതാക്കളെ ആതിഥേയരായ ഇറ്റലി ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Read more