വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അന്തരിച്ചു

വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അന്തരിച്ചു. വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിന്‍സെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുദ്ധാനന്തര ജപ്പാന്‍ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം.

വെടിവെച്ച അക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ മുന്‍ പ്രതിരോധസേനാംഗമാണെന്നാണ് സൂചന. ആക്രമണത്തിന് ഉപയോഗിച്ച തോക്ക് ഇയാള്‍ സ്വയം നിര്‍മ്മിച്ചതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജപ്പാനിലെ നാര നഗരത്തില്‍ വച്ചാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നതെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാര നഗരത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. രണ്ടു തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 40 വയസ്സുള്ളയാളാണ് അക്രമിയെന്ന് പൊലീസ് അറിയിച്ചു. വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതവും ഉണ്ടായി. ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും, ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച മട്ടിലാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

2020 ഓഗസ്റ്റിലാണ് ഷിന്‍സോ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. ജപ്പാന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് ആബെ. 2021ല്‍ ഇന്ത്യ അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. മൂന്ന് തവണ ഷിന്‍സോ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 2014ലെ റിപ്പബ്ലിക് ദിനാചരണത്തില്‍ മുഖ്യാതിഥിയായിരുന്നു.