വിവാഹ ചടങ്ങുകള്‍ക്കിടെ തീപിടുത്തം; വധൂവരന്‍മാര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് ദാരുണാന്ത്യം; വിനയായത് പടക്കം പൊട്ടിച്ചുള്ള ആഘോഷം

ഇറാഖില്‍ വിവാഹ ചടങ്ങുകള്‍ക്കിടെയുണ്ടായ തീപിടുത്തത്തില്‍ നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വടക്ക് കിഴക്കന്‍ ഇറാഖിലെ നിനേവ പ്രവിശ്യയില്‍ ആണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രി പ്രാദേശിക  സമയം 10: 45ന് സംഭവിച്ച അപകടത്തില്‍ വധൂ വരന്‍മാര്‍ ഉള്‍പ്പെടെ മരിച്ചതായാണ് വിവരം. അപകടത്തില്‍ 150ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ ഒരു ഇവന്റ് ഹാളിലാണ് അപകടം സംഭവിച്ചതെന്ന് ഇറാഖി മാധ്യമങ്ങളും ആരോഗ്യ പ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 400 കിലോ മീറ്റര്‍ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന മൊസൂള്‍ നഗരത്തിന് പുറത്താണ് ഹംദാനിയ. ആഘോഷങ്ങള്‍ക്ക് ഉപയോഗിച്ച പടക്കങ്ങളാണ് അപകടത്തിന് കാരണമെന്നാണ് ഇറാഖ് സിവില്‍ ഡിഫന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

തീപിടുത്തത്തെ തുടര്‍ന്ന് സീലിംഗിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്ന് വീണിരുന്നു. ഗുണ നിലവാരമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചതെന്നും ആരോപണമുണ്ട്. പരിക്കേറ്റവരെ നിനേവ മേഖലയിലെ ആശുപത്രികളിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം കൃത്യമായി കണക്കാക്കിയിട്ടില്ലെന്നും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും നിനേവ മേഖലാ ഗവര്‍ണര്‍ അറിയിച്ചു.