ഗാസയില്‍ വീണ്ടും കനത്ത ബോംബിങ്ങ് ആരംഭിച്ച് ഇസ്രയേല്‍; ഭൂകമ്പത്തിന് സമാനമായ അനുഭവമെന്ന് അഭയാര്‍ത്ഥികള്‍; ഒരുമിച്ച് ഉപരോധവും ആക്രമണവും; ഭക്ഷ്യശേഖരം പൂര്‍ണ്ണമായും തീര്‍ന്നു

സയില്‍ വീണ്ടും കനത്ത ബോംബിങ്ങ് ആരംഭിച്ച് ഇസ്രയേല്‍. മധ്യ ഗാസയിലെ നുസ്റെയ്തിലാണ് ആക്രമണം അഴിച്ചുവിട്ടത്. ബോംബിങ്ങില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പത്തിന് സമാനമായ അനുഭവമാണ് ഉണ്ടായതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ മുനമ്പില്‍ വിവിധയിടങ്ങളിലായി 35 പേരെയാണ് ഇസ്രയേല്‍ വധിച്ചത്.

രണ്ടുമാസം പിന്നിട്ട സമ്പൂര്‍ണ ഉപരോധത്തില്‍ അവശ്യവസ്തുക്കള്‍ ലഭിക്കാതെ ഗാസ കൊടുംപട്ടിണിയിലേക്ക് നീങ്ങുകയാണ്. അതിനിടെ, ഇസ്രയേലിന്റെ മാനുഷിക ഉത്തരവാദിത്തങ്ങള്‍ സംബന്ധിച്ച കേസില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ മൂന്നാംദിവസവും വാദംകേള്‍ക്കല്‍ തുടര്‍ന്നു.

അമേരിക്കയും ഹംഗറിയും കടുത്ത ഇസ്രയേല്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. പലസ്തീന്‍കാര്‍ക്ക് സഹായം എത്തിക്കാനുള്ള അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇസ്രയേലിന് ബാധ്യതയില്ലെന്ന് അമേരിക്ക പറഞ്ഞു.

Read more

അതേസമയം, ഇസ്രയേലിന്റെ സമ്പൂര്‍ണ ഉപരോധം രണ്ടുമാസമാകവേ ഗാസയിലെ ഭക്ഷ്യശേഖരം പൂര്‍ണ്ണമായും തീര്‍ന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം വ്യക്തമാക്കി. ഉപരോധം പത്തുലക്ഷത്തിലധികം കുട്ടികളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് ഗാസയിലെ സര്‍ക്കാരിന്റെ മീഡിയ ഓഫീസ് മുന്നറിയിപ്പ് നല്‍കി. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കണമെന്ന് ഗാസയുടെയും ലോകത്തിന്റെയും അഭ്യര്‍ഥന മാനിക്കാതെയാണ് ഇസ്രയേല്‍ ഉപരോധവും ആക്രമണവും ശക്തമായി തുടരുന്നത്.