48 മണിക്കൂറിനുള്ളിൽ ഹോർമുസ് തുറന്നില്ലെങ്കിൽ നിങ്ങളെ നരകതുല്യമാക്കും: ഇറാന് ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ നരകതുല്യമാക്കും എന്ന ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്. അമേരിക്കയുമായി ഉടന്‍ ഒരു കരാറില്‍ ഒപ്പുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഒരു കരാര്‍ ഉണ്ടാക്കാനും ഹോര്‍മുസ് കടലിടുക്ക് തുറക്കാനുമാണ് ഞാന്‍ ഇറാന് 10 ദിവസം അനുവദിച്ചത്. സമയം അതിക്രമിച്ചിരിക്കുന്നു. 48 മണിക്കൂറാണ് ശേഷിക്കുന്നത്. ഇറാനെ നരകതുല്യമാക്കേണ്ടിവരും’-ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ഇറാന്‍ അമേരിക്കയുടെ എംക്യു-1 ഡ്രോണ്‍ ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് വെടിവെച്ചിട്ടിരുന്നു. ഇസ്ഫഹാന്‍ മേഖലയിലാണ് ഡ്രോണ്‍ വെടിവെച്ചിട്ടത്. യുഎസിന്റെ രണ്ട് വിമാനങ്ങള്‍ വീഴ്ത്തിയതായി ഇറാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഒരു വിമാനം തകര്‍ന്നതായി യുഎസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എഫ്- 15ഇ സ്‌ട്രൈക്ക് ഈഗിള്‍ എന്ന അത്യാധുനിക യുദ്ധവിമാനമാണ് ഇറാന്‍ തകര്‍ത്തത്.

ഈ വിമാനത്തിന്റെ പൈലറ്റ് ഇറാന്റെ പിടിയിലായെന്ന് ഇറാനിയന്‍ ന്യൂസ് ഏജന്‍സിയായ തസ്നിം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദക്ഷിണ ഇറാനില്‍ വെച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വിമാനം വെടിവെച്ച് വീഴ്ത്തിയത്. വിമാനത്തില്‍ നിന്നും ഇജക്ട് ചെയ്ത പൈലറ്റ് ഇറാനില്‍ തന്നെ ലാന്‍ഡ് ചെയ്യുകയായിരുന്നു.