ട്രംപിന്റെ 'തള്ള്' പൊളിച്ചടുക്കി ടൈം മാഗസിന്‍

ടൈം പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് തന്നെ തെരഞ്ഞെടുത്തെന്നും എന്നാല്‍ അവരുടെ ഫോട്ടോ ഷൂട്ടിന് സമ്മതിക്കണമെന്നതിനാല്‍ പുരസ്‌കാരം നിരസിച്ചുവെന്നും അവകാശപ്പെട്ട ട്രംപിന്റെ വാദം പൊളിച്ചടുക്കി ടൈം മാഗസിന്‍ രംഗത്ത്. ട്രംപിന്റെ വാദം തന്നെ അമ്പരിപ്പിച്ചുവെന്നും വിവരങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും മാഗസിന്‍ ചീഫ് കണ്ടന്റ് ഓഫീസര്‍ അലന്‍ മുറെ ട്വീറ്റ് ചെയ്തു.

പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത തനിക്കാണെന്ന് അറിയിക്കാന്‍ ടൈം മാഗസിന്‍ വിളിച്ചിരുന്നു.  അവരുടെ അഭിമുഖത്തിനും ഫോട്ടോ ഷൂട്ടിനും സമ്മതിക്കണമെന്നതിനാല്‍ പുരസ്‌കാരം നിരസിച്ചുവെന്ന് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ട്രംപ് നല്‍കിയത് തെറ്റായ വിവരമാണെന്നും ട്രംപിന്റെ ട്വീറ്റ് തന്നെ അമ്പരപ്പിച്ചുവെന്നും അത് വാസ്തവ വിരുദ്ധമാണെന്നും മാഗസിന്‍ ചീഫ് കണ്ടന്റ് ഓഫീസര്‍ അലന്‍ മുറെ ട്വീറ്റ് ചെയ്തു. ഡിസംബര്‍ ആറിന് ടൈം മാഗസിന്‍ ഓഫ് ദി ഇയറിനെ പ്രഖ്യാപിക്കും വരെ അത് പുറത്തുവിടാനാകില്ല. തങ്ങള്‍ എങ്ങനെയാണ് ആ പുരസ്‌കാരത്തിനായുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ട്രംപിന് അറിയില്ലെന്നും ട്വീറ്റില്‍ പറയുന്നു.

https://twitter.com/realDonaldTrump/status/934189999045693441

2016 ല്‍ ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ട്രംപ് ആയിരുന്നു. 2008 ലും 2012 ലും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഫ്രാങ്ക്‌ലിന്‍ റൂസവെല്‍ട്ട് മൂന്ന് തവണ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . ജോണ്‍ എഫ് കെന്നഡി, ജിമ്മി കാര്‍ട്ടര്‍, ജോര്‍ജ് ബുഷ് തുടങ്ങിയവരും മുന്പ് ഓരോ തവണ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.