കൊറോണയുടെ ഉത്ഭവം ചെെനയിലെ ലാബില്‍ നിന്നാണെന്ന വാദവുമായി വീണ്ടും അമേരിക്ക; തെളിവുകള്‍ കൊണ്ടു വരാന്‍ രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് മേല്‍ സമ്മര്‍ദ്ദം

കൊറോണ വെെറസിൻറെ ഉത്ഭവം ചെെനയിലെ ലാബില്‍ നിന്നാണെന്ന വാദവുമായി വീണ്ടും അമേരിക്ക. വൈറസ് മനുഷ്യനിര്‍മ്മിതമാണെന്ന വാദം തെളിയിക്കാന്‍ ഉതകുന്ന തരത്തിലുളള തെളിവുകള്‍ കൊണ്ടുവരാന്‍ ഏജന്‍സിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഭരണകൂടമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപിൻറെ ഈ വാദത്തെ നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തള്ളിക്കളഞ്ഞിരുന്നു.

ചൈനയ്‌ക്കെതിരായ നീക്കം ശക്തമാക്കാനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചിട്ടുള്ളതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ചൈനയ്‌ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വൈറ്റ് ഹൗസില്‍ യോഗം ചേരുകയാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ വൈറസ് വ്യാപനം തുടങ്ങിയതിന്റെ ആദ്യഘട്ടം മുതല്‍ ട്രംപ് ചൈനയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം റോയി‌ട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. ജോ ബൈഡനെ ജയിപ്പിക്കാന്‍ വേണ്ടി ചൈന ശ്രമിക്കുകയാണെന്നും വ്യാപാര കരാറും ചൈനയ്‌ക്കെതിരെ സ്വീകരിച്ച മറ്റ് ശക്തമായ നടപടികളുമാണ് ഇതിന് കാരണമെന്നുമായിരുന്നു ട്രംപിന്റെ വാദം.
എന്നാല്‍ വൈറ്റ് ഹൗസിന്റെ വാദം തള്ളുന്ന സമീപനമാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഇതുവരെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു: കോവിഡ് 19 വൈറസ് മനുഷ്യനിര്‍മ്മിതമോ, ജനിതകമായി മാറ്റം വരുത്തി സൃഷ്ടിക്കപ്പെട്ടതോ അല്ലെന്ന ശാസ്ത്ര സമൂഹത്തിന്റെ നിലപാടിനോട് രഹസ്യാന്വേഷണ വിഭാഗം യോജിക്കുകയാണ്. പുതുതായി പുറത്തു വരുന്ന വിവരങ്ങളുടെയും സൂചനകളുടെയും അടിസ്ഥാനത്തില്‍ വുഹനാലെ ലാബില്‍ നിന്നാണോ അതോ വന്യമൃഗങ്ങളില്‍ നിന്നാണോ വൈറസ് ബാധ ആരംഭിച്ചതെന്ന കാര്യം തുടര്‍ന്നും പരിശോധിക്കും”. നേരത്തെയുണ്ടായ വൈറസുകളെ പോലെ, വന്യമൃഗങ്ങളില്‍ നിന്നാണ് കൊറണയും മനുഷ്യരിലേക്ക് പടര്‍ന്നതെന്നാണ് ശാസ്ത്രസമൂഹവും കരുതുന്നത്.
വൈറസ് വ്യാപനത്തിന്റെ തുടക്കത്തെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന ആവശ്യത്തോട് ചൈന ഇതുവരെ അനുകൂലമായല്ല പ്രതികരിച്ചത്. അത്തരം അന്വേഷണം നടത്തേണ്ടത് ലോകാരോഗ്യ സംഘടനയാണെന്നാണ് ചൈനീസ് വാദം.