ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു 

 

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അറുപത് വയസായിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ആശുപത്രി വിട്ട് രണ്ടാഴ്ചയ്ക്കുള്ളിലാണ് മരണം. മറഡോണയുടെ വിയോഗത്തിന്റെ ദുഃഖകരമായ വാർത്ത അദ്ദേഹത്തിന്റെ അഭിഭാഷകൻ സ്ഥിരീകരിച്ചു.

എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായി കണക്കാക്കപ്പെടുന്ന മറഡോണ, 1986- ൽ അർജന്റീന ലോക കപ്പ് നേടുന്നതിന് മുഖ്യപങ്ക് വഹിച്ചു.

ബോക ജൂനിയേഴ്സ്, നാപോളി, ബാഴ്‌സലോണ എന്നിവയ്ക്കായി അദ്ദേഹം ക്ലബ് ഫുട്ബോൾ കളിച്ചിട്ടുണ്ട്. കളിയിലെ മികച്ച കഴിവുകൾ അദ്ദേഹത്തിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊടുത്തു.

അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച് എട്ട് ദിവസത്തിന് ശേഷം നവംബർ 11- നാണ് മറഡോണ ആശുപത്രി വിട്ടത്.

മുൻ അർജന്റീനിയൻ ഫുട്ബോൾ താരത്തെ നവംബർ 11 വൈകുന്നേരം 6 മണിക്ക് മുമ്പ് സ്വകാര്യ ആശുപത്രിയായ ഒലിവോസ് ക്ലിനിക്കിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. നൂറുകണക്കിന് ആരാധകരും ഫോട്ടോഗ്രാഫർമാരും അദ്ദേഹത്തെ ഒരുനോക്ക് കാണാൻ തടിച്ച് കൂടിയിരുന്നു.