രാജി ആവശ്യം ശക്തം; ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ തെരുവുകള്‍ നിശ്ചലമാക്കി ആയിരങ്ങള്‍ അണിനിരന്ന ജനകീയ സമരം. പ്രസിഡന്റിന്റെ വസതിക്ക് സമീപം 5000-ത്തിലധികം ആളുകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രസിഡന്റ് രാജി വച്ച് ഒഴിയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മുദ്രാവാക്യം വിളികളുമായി എത്തിയ സമരക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് 45 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീ വയ്ക്കുകയും പൊലീസിന് നേരെ കുപ്പികളും കല്ലുകളും വലിച്ചെറിയുകയും ചെയ്തു. ഒരു എഎസ്പി ഉള്‍പ്പെടെ 5 പൊലീസ് ഉദ്യോഗസ്ഥര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രക്ഷോഭകര്‍ ഒരു പൊലീസ് ബസും 1 പൊലീസ് ജീപ്പും 2 മോട്ടോര്‍ ബൈക്കുകളും കത്തിച്ചു. ഒരു ജലപീരങ്കി ട്രക്ക് നശിപ്പിച്ചു. അക്രമം രൂക്ഷമായതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

തീവ്രവാദ സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു. അക്രമികളില്‍ ഭൂരിഭാഗവും അറസ്റ്റിലായിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യമാണ് രാജ്യം നേരിടുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനും വാതകത്തിനും ഉള്‍പ്പടെ ഗുരുതരമായ ക്ഷാമമുണ്ട്. ഇന്നലെ ഡീസല്‍ ലഭ്യത പൂര്‍ണ്ണമായും നിലച്ചു. രാജ്യത്തെ 22 ദശലക്ഷം ആളുകളാണ് ദുരിതത്തിലായത്. 13 മണിക്കൂര്‍ വൈദ്യുതി തടസ്സപ്പെട്ടു. വൈദ്യുതി ലാഭിക്കുന്നതിനായി തെരുവു വിളക്കുകള്‍ ഉള്‍പ്പടെ അണച്ചിരുന്നു.

ഗതാഗതം താറുമാറായ സ്ഥിതിയാണ്. മരുന്നുകളുടെ ദൗര്‍ലഭ്യം കാരണം സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ അടക്കം നിര്‍ത്തി വച്ചിരിക്കുകയാണ്്. കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ച് വ്യാപാരം രണ്ട് മണിക്കൂറാക്കി പരിമിതപ്പെടുത്തി. മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനവും തകരാറിലായി.

അവശ്യവസ്തുക്കളുടെ വ്യാപകമായ ക്ഷാമവും രൂക്ഷമായ വിലക്കയറ്റത്തവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ വായ്പകള്‍ ആവശ്യപ്പെട്ടിട്ടുള്ളതായും, ഐ.എം.എഫില്‍ നിന്നും സഹായം തേടിയതായും ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു.