ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തി മുപ്പത്തിമൂവായിരം പിന്നിട്ടു, രോഗബാധിതർ 33 ലക്ഷം കടന്നു;  അമേരിക്കയിൽ ഒരാഴ്ചക്കിടെ ജോലി നഷ്ടമായത് 38 ലക്ഷം പേർക്ക്

ലോകത്തെ ആശങ്കയിലാക്കി കോവിഡ് മരണസംഖ്യ ഉയരുന്നു. നിലവില്‍ മരണനിരക്ക് രണ്ട് ലക്ഷത്തി മുപ്പത്തിമൂവായിരം കടന്നു. കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം പിന്നിട്ടു. പത്ത് ലക്ഷത്തിലധികം പേർക്ക് കോവിഡ് ഭേദമായി. റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ആണ് ഇക്കാര്യം അറിയിച്ചത്. ഐസൊലേഷനിൽ പോയ മിഷുസ്തിൻ രോഗം ഭേദമായി തിരിച്ചെത്തുന്നത് വരെ ഉപ പ്രധാനമന്ത്രി ആന്ദ്രേ ബെലൗസോവ് സർക്കാരിനെ നയിക്കും.

ലോകത്ത് കോവിഡ് മരണം ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്ന അമേരിക്കയില്‍ മരണസംഖ്യ അറുപത്തി മൂവായിരം കടന്നു. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരം പിന്നിട്ടു. കോവിഡ് മൂലം 30 മില്യണ്‍ ജനങ്ങള്‍ക്ക് ജോലി നഷ്ടമായേക്കാമെന്നും സൂചനകള്‍ ഉണ്ട്. കാലിഫോര്‍ണിയയിലെ ബീച്ചുകളും പാര്‍ക്കുകളും അടച്ചിടുവാനും നീക്കങ്ങള്‍ നടക്കുന്നു. കോവിഡ് വ്യാപനത്തില്‍ ചൈനയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം വീണ്ടും രംഗത്തെത്തി. താന്‍ വീണ്ടും പ്രസിഡന്റാകുന്നത് ത‌ടയുകയാണ് ചൈനയുടെ ലക്ഷ്യമെന്നാണ് ട്രംപിന്റെ പുതിയ ആരോപണം.

ഇറ്റലിയില്‍ മരണം ഇരുപത്തി എണ്ണായിരത്തോട് അടുക്കുകയാണ്. രണ്ട് ലക്ഷത്തി അയ്യായിരം പിന്നിട്ടു രോഗബാധിതരുടെ എണ്ണം. സ്പെയ്നില്‍ മരണം ഇരുപത്തി നാലായിരം കവിഞ്ഞു. രണ്ട് ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡിനെ തുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക മേഖലയില്‍ 4.1% തകര്‍ച്ചയാണ് അനുഭവപ്പെടുന്നത്.

അമേരിക്കയും ഇറ്റലിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം യു.കെയിലാണ്. നിലവില്‍ ഇരുപത്തി ആറായിരം കടന്നു മരണസംഖ്യ. ആശുപത്രികളിലെ മരണം മാത്രമാണ് യു.കെ ഇത് വരെ പുറത്തുവിട്ടത്. യു.കെയിലടക്കം കുട്ടികളില്‍ കണ്ടുവരുന്ന ചില പ്രത്യേക രോഗലക്ഷണങ്ങളെ കുറിച്ച് ജാഗ്രത കാണിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജര്‍മ്മനിയില്‍ രോഗവ്യാപനം കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. തൊഴില്‍രഹിതരുടെ എണ്ണം ഉയരുന്നത് രാജ്യത്തിന് ആശങ്ക സൃഷ്ടിക്കുന്നു. ആറായിരത്തി അറുനൂറില്‍ അധികം മരണമാണ് ജര്‍മ്മനിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിന് കോവിഡ് സ്ഥിരീകരിച്ചു. മിഖായേല്‍ തന്നെയാണ് തന്‍റെ രോഗവിവരം പുറത്ത് വിട്ടത്. പിന്നാലെ പ്രധാനമന്ത്രി ക്വാറന്‍റൈനില്‍ പ്രവേശിച്ചു. ആരോഗ്യസ്ഥിതി പ്രസിഡന്‍റ് വ്ളാഡിമിന്‍ പുടിനുമായി പങ്കുവെച്ചു. മിഷുസ്തീന്‍ തിരിച്ചെത്തുന്നത് വരെ ഉപപ്രധാമന്ത്രി ആന്ദ്രേ ബെലൌസ് സര്‍ക്കാരിനെ നയിക്കും. ആയിരത്തി എഴുപത്തി മൂന്നാണ് നിലവില്‍ രാജ്യത്തെ കോവിഡ് മരണ സംഖ്യ.