ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേർക്ക് രോഗബാധ, 45,802 പേരുടെ നില അതീവ​ഗുരുതരം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടിയും കടന്ന് മുന്നേറുകയാണ്. ലോകവ്യാപകമായി ഇതുവരെ 50, 85,066 പേർക്കാണ് രോ​ഗബാധയുള്ളത്. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കെന്ന് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി.

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. മരണസംഖ്യ 3,29,721ആയി. രോ​ഗം ബാധിച്ച് ചികിൽസയിലുള്ളവരിൽ 45,802 പേരുടെ നില അതീവ​ഗുരുതരമാണ്. ആ​ഗോളവ്യാപകമായി 20,21,843 പേർക്കാണ് രോ​ഗമുക്തി നേടാനായത്.

അമേരിക്കയിൽ സ്ഥിതി അതീവ​ഗുരുതരമായി തുടരുകയാണ്. യുഎസിൽ മരണം 94,994 ആയി. രോ​ഗബാധിതരുടെ എണ്ണം 16 ലക്ഷത്തോട് അടുക്കുന്നു. ഇതുവരെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,91,991ആയി. റഷ്യയിൽ 3,08,705 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. മരണം 2,972. ബ്രസീലിൽ രോ​ഗബാധിതരുടെ എണ്ണം 2,93,357 ആയി. മരണസംഖ്യ 18,894 ആയി ഉയർന്നു.