ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു, പള്ളികൾ നശിപ്പിക്കപ്പെടുന്നു; നൈജീരിയയിൽ നടക്കുന്നത് ക്രിസ്ത്യൻ വംശഹത്യ? ഇസ്ലാമിക സ്റ്റേറ്റിന്റെ ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിച്ച് അന്താരാഷ്ട്ര സമൂഹം

ഭീകര സംഘടനയായ ബൊക്കോ ഹറാമിന്റെ ആക്രമണത്തിൽ നൈജീരിയയിൽ ക്രിസ്ത്യാനികൾ ക്രമേണ ഇല്ലാതാകുന്നുവെന്ന റിപ്പോർട്ടുകളാണ് കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നത്. ഇസ്ലാമിക സ്റ്റേറ്റിന്റെ ഭാഗമായ ജിഹാദി ഗ്രൂപ്പായ ബൊക്കോ ഹറാം രാജ്യത്ത് അഴിച്ചിവിടുന്ന ആക്രമണങ്ങൾ മൂലം ക്രിസ്തുമത വിശ്വാസികളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി, അനേകം പേർ പലായനം ചെയ്തു, മറ്റ് ചിലരെ ഈ തീവ്രവാദ സംഘടന തട്ടിക്കൊണ്ടുപോവുകയും ചെയ്തുവെന്നാണ് വിവിധ എൻ‌ജി‌ഒകൾ നൽകുന്ന വിവരം.

സോഷ്യൽ മീഡിയയിലും ബ്ലോഗുകളിലും ടെലിവിഷൻ മാധ്യമങ്ങളിലും വ്യാപകമായി നൈജീരിയയിൽ ‘ക്രിസ്ത്യൻ വംശഹത്യ’ നടക്കുന്നവെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. “ക്രിസ്ത്യാനികൾ ക്രമേണ ഇല്ലാതാകുന്നു, പള്ളികൾ നശിപ്പിക്കപ്പെടുന്നു, ക്രിസ്ത്യാനികൾ തുടർച്ചയായി കൊല്ലപ്പെടുന്നു” എന്ന് അമേരിക്കൻ കൊമേഡിയനും നടനുമായ ബിൽ മഹർ സെപ്റ്റംബർ 26 ന് പറഞ്ഞതിനെത്തുടർന്ന് നൈജീരിയയിലെ സാഹചര്യം വാർത്തകളിൽ ഇടം നേടിയത്. അമേരിക്കക്കാർ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. നൈജീരിയയിൽ നടക്കുന്നത് ക്രിസ്ത്യൻ വംശഹത്യ ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ബിൽ മഹർ

നൈജീരിയയിലെ ഈ ആക്രമണം കണ്ടില്ലെന്നുനടിച്ചാൽ, അടുത്ത കുറച്ച് വർഷത്തിനുള്ളിൽ നൈജീരിയയിൽ ക്രിസ്തുമതം ഇല്ലാതാകും എന്നാണ് പ്രാദേശിക ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് & റൂൾ ഓഫ് ലോ (ഇന്റർ സൊസൈറ്റി) സ്ഥാപകയായ എമേക ഉമേഗ്ബലാസി പറയുന്നത്. മിക്ക ക്രിസ്ത്യൻ നൈജീരിയക്കാരും ഈ ഭയത്താലാണ് അവിടെ കഴിയുന്നത് എന്ന് ക്രിസ്ത്യൻ മനുഷ്യാവകാശ അഭിഭാഷകൻ ജാബസ് മൂസ പറയുന്നു. പള്ളികളിലേക്ക് പോകുന്നവർ പലരും തിരികെ വീട്ടിലേക്ക് എത്താറില്ല.

ഓപ്പൺ ഡോറിന്റെ എറൈസ് ആഫ്രിക്ക കാമ്പെയ്‌നിന്റെ സ്വതന്ത്ര വക്താവ് കൂടിയായ മൂസ, മിഡിൽ ബെൽറ്റിൽ ഓരോ രണ്ട് ദിവസത്തിലും ക്രിസ്ത്യാനികൾ ഏതെങ്കിലും വിധത്തിൽ ആക്രമിക്കപ്പെടുന്നുണ്ടെന്ന് പറയുന്നു. തീവ്രവാദികൾ ഭൂമി കൈയടക്കി, സ്വന്തമായി വീടുകൾ പണിതു, ചില ഗ്രാമങ്ങളുടെ പേര് മാറ്റി, പള്ളികൾ പണിതുവെന്നും മൂസ പറയുന്നു. മിഡിൽ ബെൽറ്റിൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങളിൽ ഭൂരിഭാഗവും ഫുലാനി തീവ്രവാദികളാണ് (പശ്ചിമാഫ്രിക്കയിലെയും മധ്യാഫ്രിക്കയിലെയും നിരവധി രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന, പരമ്പരാഗതമായി കന്നുകാലികളെ മേയ്ക്കുന്ന ഒരു വംശീയ വിഭാഗമാണ് ഫുലാനികൾ. നൈജീരിയൻ കോടതികൾ ഇവരെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്) നടത്തുന്നതെന്നും മൂസ പറഞ്ഞു.

നൈജീരിയയിൽ ക്രിസ്ത്യാനികൾക്ക് നേരെയുള്ള അക്രമങ്ങളുടെ തോത് വർധിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. എത്ര ക്രിസ്ത്യാനികൾ മരിച്ചുവെന്നും എത്ര പേർ അവരുടെ വിശ്വാസത്തിന്റെ ഫലമായി മരിച്ചുവെന്നും സംബന്ധിച്ച് കൃത്യമായ കണക്കുകൾ നൈജീരിയൻ ഗവൺമെന്റിന് പോലും വ്യക്തമായി അറിയില്ല. എന്നാൽ ഇന്റർനാഷണൽ ക്രിസ്ത്യൻ അഡ്വക്കസി ഗ്രൂപ്പായ ഓപ്പൺ ഡോർസ് അവരുടെ വേൾഡ് വാച്ച് പട്ടികയിൽ നൈജീരിയയെ ക്രിസ്ത്യാനികൾക്ക് ഏറ്റവും അപകടകരമായ ഏഴാമത്തെ സ്ഥലമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ ക്രിസ്ത്യാനികൾ നൈജീരിയയിൽ അവരുടെ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെടുന്നു എന്ന് അവർ കണ്ടെത്തുകയും ചെയ്തു.

അതേസമയം ഇത്തരം റിപ്പോർട്ടുകളെ നൈജീരിയൻ സർക്കാർ എതിർക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, നൈജീരിയയിൽ തീവ്രവാദികൾ ക്രിസ്ത്യാനികൾക്കെതിരെ ആസൂത്രിതമായ വംശഹത്യയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളുടെയും ഓൺലൈൻ ഇൻഫ്ലുവെൻ സേഴ്സിന്റെയും ആരോപണങ്ങളെ സർക്കാർ ശക്തമായി നിഷേധിക്കുകയും ചെയ്തു.

നൈജീരിയയുടെ സുരക്ഷാ വെല്ലുവിളികളെ ഒരു മതവിഭാഗത്തിനെതിരെ ലക്ഷ്യമിട്ടുള്ള ഒരു പ്രചാരണമായി ചിത്രീകരിക്കുന്നത് കള്ളമാണെന്നും സർക്കാർ വാദിച്ചു. ക്രിസ്ത്യാനികൾ മാത്രമല്ല, എല്ലാ മതങ്ങളിലെയും നിരവധി ആളുകളിൽ രാജ്യത്ത പ്രവർത്തിക്കുന്ന ജിഹാദി ഗ്രൂപ്പിന്റെ ഇരകളാകുന്നുണ്ടെന്നാണ് സർക്കാർ വാദം. നൈജീരിയൻ ഇൻഫർമേഷൻ ആൻഡ് നാഷണൽ ഓറിയന്റേഷൻ മന്ത്രി മുഹമ്മദ് ഇദ്രിസ് മലഗി കഴിഞ്ഞ മാസം പറഞ്ഞത്; ഭീകര ഗ്രൂപ്പുകളുടെ അക്രമ പ്രവർത്തനങ്ങൾ ഏതെങ്കിലും പ്രത്യേക മതപരമോ വംശീയമോ ആയ സമൂഹത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. വിശ്വാസം നോക്കാതെ, തങ്ങളുടെ കൊലപാതക പ്രത്യയശാസ്ത്രത്തെ നിരസിക്കുന്ന എല്ലാവരെയും ഈ തീവ്രവാദികൾ ലക്ഷ്യമിടുന്നുണ്ടെന്നാണ്.

എന്നാൽ നൈജീരിയയിലെ മിഡിൽ ബെൽറ്റിൽ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ അത്ര നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. നൈജീരിയയിലെ അക്രമത്തിന്റെ പ്രഭവകേന്ദ്രമാണ് മിഡിൽ ബെൽറ്റ്. നൂറുകണക്കിന് ന്യൂനപക്ഷ വംശീയ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്നിടമാണിത്. മുസ്ലീം ഭൂരിപക്ഷമുള്ള വടക്കൻ പ്രദേശവുമായി അതിർത്തി പങ്കിടുന്ന ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണിത്, ക്രിസ്ത്യാനികൾ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത് ഈ പ്രദേശത്താണ്.

രണ്ട് വ്യത്യസ്ത തരത്തിലാണ് ഇവിടെ ആക്രമണങ്ങൾ നടക്കുന്നത്. ചിലപ്പോൾ ജിഹാദികൾ, നൂറുകണക്കിന് മോട്ടോർ സൈക്കിളുകളിൽ എകെ-47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി വന്ന് ഒരു ഗ്രാമത്തിൽ ഇറങ്ങി ഗ്രാമം കത്തിക്കുകയും ആളുകളെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്തിട്ട് മടങ്ങും. മറ്റു ചിലപ്പോൾ, വളരെ കുറച്ച് പേർ മോട്ടോർ സൈക്കിളുകളിൽ വരികയും ഏതാനും ഗ്രാമങ്ങളിൽ വ്യക്തികളെ ആക്രമിച്ച് മടങ്ങുകയും ചെയ്യും.

മിഡിൽ ബെൽറ്റിലെ അക്രമണം കാരണം പ്രദേശങ്ങളിൽ സൈനികരുണ്ട്. എന്നാൽ മിക്ക കേസുകളിലും, ആക്രമണത്തിനിരയായ ഗ്രാമങ്ങളിൽ നിന്ന് വിളിക്കുമ്പോൾ, സൈനികരും പോലീസും വൈകിയെത്തുകയാണ് പതിവ്. അല്ലെങ്കിൽ അവർക്ക് അധികാരപരിധിയില്ലെന്ന് പറഞ്ഞ് ഒഴിയുന്നു. ഇത്തരത്തിൽ ആക്രമണം നടത്തുന്ന ആളുകളെ അറസ്റ്റ് ചെയ്യുകയോ കേസുകൾ അന്വേഷിക്കുകയോ അവിടെ പതിവില്ല.

ഇത്തരം ആക്രമണങ്ങളിൽ എത്ര ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്ന് കൃത്യമായി അറിയാൻ പ്രയാസമാണ്. എന്നാൽ കഴിഞ്ഞ വർഷം ലോകമെമ്പാടും മതത്തിനുവേണ്ടി കൊല്ലപ്പെട്ട 4,476 ക്രിസ്ത്യാനികളിൽ 3,100 പേർ നൈജീരിയയിലായിരുന്നുവെന്ന് ഓപ്പൺ ഡോർസ് അതിന്റെ ഏറ്റവും പുതിയ ലിസ്റ്റിൽ പറയുന്നു. ഓപ്പൺ ഡോർസിന്റെ കണക്കനുസരിച്ച്, സബ്-സഹാറൻ ആഫ്രിക്കയിലെ 16.2 ദശലക്ഷം ക്രിസ്ത്യാനികൾ പലായനം ചെയ്തിട്ടുണ്ട്. അവരിൽ പലരും നൈജീരിയയിൽ നിന്നുള്ളവരാണ്.

2009 മുതലാണ് നൈജീരിയയിലും ആഫ്രിക്കയിലെ മറ്റൊരു പ്രദേശമായ സഹേലിലും ഒരു ഖിലാഫത്ത് (ഇസ്‌ലാമിക ഭരണ സമ്പ്രദായം) സ്ഥാപിക്കാനുള്ള ബോക്കോ ഹറാമിന്റെ കലാപങ്ങൾ ആരംഭിക്കുന്നത്. അന്ന് മുതൽ ഇന്റർസൊസൈറ്റി കണക്കനുസരിച്ച് 19,100 പള്ളികൾ ആക്രമിക്കപ്പെടുകയോ കത്തിക്കുകയോ നശിപ്പിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തിട്ടുണ്ട്. 2009 ജൂലൈ മുതൽ 2014 ഡിസംബർ വരെ ഏകദേശം 13,000 പള്ളികളും 2015 മധ്യം മുതൽ ഇതുവരെ 6,100 പള്ളികളും ഇത്തരത്തിൽ ഇല്ലാതായിട്ടുണ്ട്.

ഓപ്പൺ ഡോർസും മറ്റ് നിരവധി എൻ‌ജി‌ഒകളും പറയുന്നതനുസരിച്ച്, ഫുലാനി തീവ്രവാദികൾ, ബോക്കോ ഹറാം, ഐ‌എസ്‌ഡബ്ല്യു‌എ‌പി (ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ) എന്നിവയുൾപ്പെടെയുള്ള ഇസ്ലാമിക ജിഹാദി ഗ്രൂപ്പുകളാണ് ഈ അക്രമം നടത്തുന്നത്. നൈജീരിയൻ സർക്കാരും സുരക്ഷാ സേനയും ആക്രമണത്തിന് ഇരയാകുന്ന ക്രിസ്ത്യാനികളെ സഹായിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ല എന്നതാണ് പ്രധാന ആരോപണം.

2009 മുതൽ ബൊക്കോ ഹറാം വിമതർക്കെതിരെ നിരവധി കൂട്ട വിചാരണകൾ നടന്നിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ 125 പേർ കുറ്റക്കാരാണെന്ന് നൈജീരിയൻ അറ്റോർണി ജനറലിന്റെ ഓഫീസ് അറിയിച്ചു. അതിനുമുമ്പ്, ബൊക്കോ ഹറാം പ്രതികളുടെ അവസാന കൂട്ട വിചാരണ 2017 നും 2018 നും ഇടയിലാണ് നടന്നത്. അവിടെ 163 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി, 887 പേരെ വിട്ടയച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം സെപ്റ്റംബർ വരെ നൈജീരിയയിൽ 700 ബൊക്കോ ഹറാം അംഗങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സർക്കാർ പറയുന്നു.

Read more

രാജ്യത്തെയാകെ പിടിച്ചുലയ്ക്കുന്ന ഭീകരവാദം മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള മറ്റ് മതങ്ങളെയും ബാധിക്കുന്നുണ്ട്. എന്നാൽ ക്രിസ്ത്യാനികൾ അവരുടെ മതത്തിന്റെ പേരിൽ, പ്രത്യേകിച്ച് മിഡിൽ ബെൽറ്റിൽ, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി തുടർച്ചയായി ആക്രമിക്കപ്പെടുന്നുണ്ട്. കുറ്റവാളികളെ അന്വേഷിച്ച് ശിക്ഷിക്കാൻ നൈജീരിയൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയാണ് നൈജീരിയയിൽ നിന്നുള്ള ക്രിസ്ത്യാനികൾ. എന്നാൽ നിർഭാഗ്യവശാൽ, അന്താരഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ ഈ വിഷയം വേണ്ടവിധത്തിൽ ചർച്ച ചെയ്യപ്പെടുന്നില്ല. ഗാസയിലെ വംശഹത്യയിൽ നിലവിളിക്കുന്ന മാധ്യമങ്ങൾ പലതും നൈജീരിയയിലെ ക്രൂരതകൾ മൂടിവെക്കുന്നു.