പ്രസിഡന്‍റ് ഷീ ജിൻ പിംങ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കില്ല; സ്ഥിരീകരിച്ച് ചൈന

ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംങ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കില്ല. ചൈനീസ് ഒദ്യോഗികമാധ്യമമായ ഗ്ലോബൽ ടൈംസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമാണ് ഉച്ചകോടിയിൽ നിന്ന് വിട്ടു നിൽക്കുന്നത്.  പ്രസിഡന്റിനു പകരം  ചൈനീസ് പ്രധാനമന്ത്രി ലീ ചിയാങ് പങ്കെടുക്കും.

ഇന്ത്യ ചൈന അതിർത്തി തർക്കം വീണ്ടും മുറുകുന്നതിനിടെയാണ് ഷി ജിൻപിങ് ജി20 ഉച്ചകോടിക്കെത്തുന്നതിൽ അനിശ്ചിതത്വം ഉണ്ടായത്.ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങിനെ പ്രധാനമന്ത്രി നേരിട്ട് ക്ഷണിച്ചിരുന്നു. ഷി ജിൻപിങ് വരും എന്ന് സൂചന നൽകിയിരുന്നു. ഇപ്പോൾ പിന്മാറ്റം സ്ഥിരീകരിച്ചിരിക്കുകയാണ്.

ഉച്ചകോടിക്ക് മുന്നോടിയായി നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ തുടങ്ങിയ ഭിന്നത അതേപടി തുടരുകയാണ്.ജി 20 ഉച്ചകോടിക്കായി വിവിധ രാഷ്ട്രനേതാക്കൾ വ്യാഴാഴ്ച മുതൽ ദില്ലിയിൽ എത്താനിരിക്കെ സംയുക്ത പ്രസ്താവനയിൽ സമവായത്തിനുള്ള നീക്കങ്ങൾ ഇനിയും വിജയിച്ചിട്ടില്ല.

അതേ സമയം G20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഡൽഹിയിലേക്ക് വരാത്തതിൽ തനിക്ക് നിരാശയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. താന്‍ അദ്ദേഹത്ത മറ്റൊരവസരത്തില്‍ കാണും എന്നും ബൈഡൻ പറഞ്ഞു. റിപ്പോര്‍ട്ട് അനുസരിച്ച് G20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ സെപ്റ്റംബർ 7 ന് ഇന്ത്യയില്‍ എത്തിച്ചേരും.