യുദ്ധത്തിന് തയ്യാറെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സൈനികരോട് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ്

ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിംഗ് തന്റെ സൈനികരോട് “യുദ്ധത്തിന് തയ്യാറെടുക്കാൻ” ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ചൈനീസ് വാർത്താ ഏജൻസി സിൻ‌ഹുവ റിപ്പോർട്ട് ചെയ്തു. “സൈനികർ അതീവ ജാഗ്രത പാലിക്കണം … നിങ്ങളുടെ മനസ്സിനെയും ഊർജ്ജത്തെയും യുദ്ധത്തിനായി തയ്യാറാക്കണം,” എന്ന് ജിൻ‌പിംഗ് പറഞ്ഞതായാണ് റിപ്പോർട്ട്.

സൈനികർ തികച്ചും വിശ്വസ്തരും തികച്ചും ശുദ്ധരും തികച്ചും വിശ്വാസയോഗ്യരുമായിരിക്കണം, ചാവോ സിറ്റിയിലെ പി‌എൽ‌എയുടെ മറൈൻ കോർപ്സ് സന്ദർശന വേളയിൽ ചൈനീസ് പ്രസിഡന്റ് പറഞ്ഞു.

ലഡാക്കിലെ അതിർത്തി തർക്കത്തിനിടയിലാണെങ്കിലും പ്രസിഡന്റിന്റെ പരാമർശം ഇന്ത്യയെ ഉദ്ദേശിച്ചുള്ളതല്ലെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

യു.എസ് നേവിയുടെ യുദ്ധക്കപ്പൽ തായ്‌വാൻ കടലിടുക്കിലൂടെ കടന്നുപോകുന്നതിനെ കുറിച്ചുള്ള ചൈനീസ് അവകാശവാദങ്ങളുമായി ഈ പരാമർശത്തെ കൂട്ടിവായിക്കാവുന്നതാണ്.

ദക്ഷിണ ചൈനാക്കടലിലെ ചില പ്രദേശങ്ങളിൽ ചൈന പരമാധികാരം അവകാശപ്പെടുന്നുണ്ട്. എന്നാൽ വിയറ്റ്നാം, മലേഷ്യ, ഫിലിപ്പൈൻസ്, ബ്രൂണൈ, തായ്‌വാൻ എന്നീ രാജ്യങ്ങൾ എതിർവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നും ഇന്തോ-പസഫിക് മേഖലയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന തായ്‌വാനോടുള്ള യുഎസിന്റെ തുറന്ന പിന്തുണയും ചൈനീസ് യു.എസ് ബന്ധം കൂടുതൽ വഷളാക്കിയിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് “വുഹാനിൽ നിന്നുള്ള വൈറസ്” സംബന്ധിച്ച് നിരവധി പരാമർശങ്ങൾ നടത്തുകയും വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ചൈനയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

“വുഹാനിൽ നിന്നുള്ള വൈറസ്” സംബന്ധിച്ച പ്രതിസന്ധി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മൂടിവെച്ചതിലൂടെ കൂടുതൽ വഷളായി എന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ നാല് പ്രധാന ഇന്തോ-പസഫിക് ജനാധിപത്യ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡിന്റെ അടുത്തിടെ നടന്ന ഒരു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.