അത്യാധുനിക യുദ്ധക്കപ്പല്‍ പാകിസ്ഥാന് കൈമാറി ചൈന

പാകിസ്ഥാന് യുദ്ധക്കപ്പല്‍ കൈമാറി ചൈന. ബെയ്ജിംഗ് ഇതുവരെ കയറ്റുമതി ചെയ്തതില്‍ വെച്ച് ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പലാണ് കൈമാറിയത്. ചൈനയുടെ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഷാങ്ഹായില്‍ നടന്ന ചടങ്ങിലാണ് പാകിസ്ഥാന്‍ നാവികസേനയ്ക്ക് യുദ്ധക്കപ്പല്‍ കൈമാറിയതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈന സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (സിഎസ്എസ്സി) ആണ് കപ്പലിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവും ചെയ്തിരിക്കുന്നത്.

ടൈപ്പ് 054 എ/പി യുദ്ധക്കപ്പലിന് പിഎന്‍എസ് തുഗ്രില്‍ എന്നാണ് പേരിട്ടിരിക്കുന്നത്. പാകിസ്ഥാന്‍ നാവികസേന തിങ്കളാഴ്ച ഗ്ലോബല്‍ ടൈംസിന് അയച്ച പ്രസ്താവനയിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. പാക് നാവിക സേനയ്ക്കായി ചൈന 054 ടൈപ്പിലുള്ള നാലുതരം യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നുണ്ട്. അതില്‍ ആദ്യത്തേതാണ് തുഗ്രില്‍ എന്നും നാവികസേന അറിയിച്ചു.

വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ കപ്പലിലുണ്ട്, ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കും ഉപരിതലത്തിൽ നിന്നും വായുവിലേക്കും വെള്ളത്തിനടിയിലും മിസൈൽ തൊടുക്കാനുള്ള സാങ്കേതികത കപ്പലിലുണ്ട്.

ചൈന ഇതുവരെ കയറ്റുമതി ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പലാണ് ഇതെന്ന് സിഎസ്എസ്സിയും അറിയിച്ചു.

അത്യാധുനിക കോംബാറ്റ് മാനേജ്‌മെന്റ്, സ്വയം പ്രതിരോധ ശേഷി, ഇലക്ട്രോണിക് വാർഫെയർ സംവിധാനം എന്നിവ യുദ്ധക്കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നു.