പൗരത്വ നിയമ ഭേദഗതി: അറസ്റ്റ് ചെയ്തവരെ ഇന്ത്യ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര സഭ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഇന്ത്യ ഉടൻ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ. യു.എൻ മനുഷ്യാവകാശ ഹൈകമ്മീഷണർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ വിചാരണക്ക് മുമ്പ് തടങ്കലിൽ വെച്ചിരിക്കുന്ന എല്ലാ മനുഷ്യാവകാശ പ്രവർത്തകരെയും ഉടൻ മോചിപ്പിക്കണം എന്ന് ഹൈകമ്മീഷണർ പ്രസ്താവനയിൽ പറഞ്ഞു.അറസ്റ്റിലായവരിൽ കൂടുതലും വിദ്യാർത്ഥികളാണ്. പൗരത്വ നിയമത്തിനെതിരെ വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഉപയോഗിച്ചതിനാണ് അവരെല്ലാം അറസ്റ്റിലായത് ഹൈകമ്മീഷണർ അഭിപ്രായപ്പെട്ടു.

സർക്കാർ നയങ്ങളെ വിമർശിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് സമൂഹത്തിന് കടുത്ത സന്ദേശം നൽകുന്നതിനായാണ് ഈ അറസ്റ്റുകളെന്നും യു.എൻ മനുഷ്യാവകാശ ഹൈകമ്മീഷണർ കുറ്റപ്പെടുത്തുന്നു.