ബഷര്‍ അല്‍ അസദ് രാജ്യം വിട്ടു; വിമതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രക്ഷോഭകാരികള്‍

സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് രാജ്യം വിട്ടതിന് പിന്നാലെ ദമാസ്‌കസിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് അതിക്രമിച്ചുകയറിയ ജനക്കൂട്ടം സ്വത്തുക്കള്‍ കൊള്ളയടിച്ചു. അസദ് വിമാനമാര്‍ഗം രാജ്യം വിട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 24 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ വിമതര്‍ തലസ്ഥാനം പിടിച്ചതോടെയാണ് അസദ് വിമാനമാര്‍ഗം രാജ്യം വിടുന്നത്.

ബഷര്‍ അല്‍ അസദിന്റെ വസതിയിലേക്ക് ഇരച്ചെത്തിയ ജനക്കൂട്ടം വസ്തു വകകള്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനുപുറമേ അസദിന്റെ പിതാവും മുന്‍ പ്രസിഡന്റുമായ ഹാഫിസ് അല്‍ അസദിന്റെ പ്രതിമകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അസദ് രാജ്യം വിട്ടെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിന് പിന്നാലെ വിമതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ആഹ്ലാദ പ്രകടനങ്ങള്‍ ദമാസ്‌കസ് വീഥികളില്‍ അരങ്ങേറുകയാണ്. ദമാസ്‌കസിലെ സെദ്‌നായ ജയിലിലെ മുഴുവന്‍ തടവുകാരെയും മോചിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.