പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഇന്ത്യ ഇടപെടണം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ച് ബലൂചിസ്ഥാന്‍

പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഇന്ത്യ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ച് ബലൂചിസ്ഥാന്‍ പ്രവാസ സര്‍ക്കാരിന്റെ പ്രധാനമന്ത്രി നൈല ഖാരിദി. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനു ലോകരാജ്യങ്ങളുടെ പിന്തുണ തേടിയുള്ള യാത്രയുടെ ഭാഗമായാണ് നൈല ഇന്ത്യയിലെത്തിയപ്പോഴാണ് അവര്‍ ഈ ആവശ്യം പ്രധാനമന്ത്രിയോട് നടത്തിയത്.

പ്രധാനമന്ത്രി മോദിക്ക് ബലൂചിസ്ഥാന്‍ വിഷയം ഐക്യരാഷ്ട്രസംഘടനയില്‍ ഉന്നയിക്കാന്‍ ഇപ്പോഴാണ് ഉചിതമായ അവസരമെന്നും നാളെ സ്ഥിതിഗതികള്‍ മാറാമെന്നും നൈല പറഞ്ഞു. പാകിസ്താന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. ഇറാന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബലൂചിസ്ഥാന്‍ ഭൂപ്രദേശത്തിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ ഉള്‍പ്പെട്ടതാണ് പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യ.

പാകിസ്താനിലെ നാലു പ്രവിശ്യകളില്‍ ഏറ്റവും വലുതാണ് ബലൂചിസ്ഥാന്‍. മൊത്തം ഭൂവിസ്തൃതിയുടെ 44 ശതമാനവും ബലൂചിസ്ഥാന്‍ ആണെങ്കിലും മിക്കവാറും വിജനമായ പ്രദേശങ്ങളാണിവിടെ. പാക് ജനസംഖ്യയുടെ 5% മാത്രമാണ് ഈ പ്രവിശ്യയില്‍ വസിക്കുന്നത്.

പാക് സൈനിക താവളങ്ങള്‍ക്ക് നേരെ സ്ഥിരമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ബലൂച് റിപ്പബ്ലിക്കന്‍ ഗാര്‍ഡ്, ബലൂച് റിപ്പബ്ലിക്കന്‍ ആര്‍മി എന്നീട് സംഘനകള്‍ ആക്രമണം നടത്താറുണ്ട്. ഇവരെ പിന്തുണയ്ക്കുന്നത് ഇന്ത്യയാണെന്ന് പാക്കിസ്ഥാന്‍ ആരോപിക്കുന്നതിനിടെയാണ് ബലൂചിസ്ഥാന്‍ പ്രവാസ സര്‍ക്കാരിന്റെ പ്രധാനമന്ത്രി നൈല ഖാരിദിയുടെ ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.