ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി ആശുപത്രിയില്‍; കൊറോണ സ്ഥിരീകരിച്ചു

ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡറ്റനും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആഭ്യന്തര മന്ത്രി പീറ്റര്‍ ഡറ്റന് വൈറസ് ബാധ സ്ഥിരീകരിച്ചത്. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട ഉടനെ ക്വീന്‍സ്ലാന്റ് ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടതായും കൊവിഡ്-19 പരിശോധന നടത്തിയതായും പീറ്റര്‍ ഡറ്റന്‍ പറഞ്ഞു. അദ്ദേഹത്തിന് രോഗബാധയുള്ളതായി ഉച്ചയോടെ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടുത്തിടെ പീറ്റര്‍ ഡറ്റന്‍ അമേരിക്കയിലേക്ക് യാത്ര ചെയ്തിരുന്നു. ക്വീന്‍സ്ലാന്റില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്ന 35-ാമത്തെ വ്യക്തിയാണ് പീറ്റര്‍ ഡറ്റന്‍. പ്രധാനമന്ത്രി അദ്ധ്യക്ഷനായ ക്യാബിനറ്റ് സുരക്ഷാസമിതി യോഗത്തില്‍ ഈയാഴ്ച ആദ്യം പീറ്റര്‍ ഡറ്റന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നേരത്തേ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.