അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കോവിഡ് ബാധയെത്തിടർന്ന് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചൻ ഇഞ്ചനാട്ട് ആണ് മരിച്ചത്.  ഇതോടെ അമേരിക്കയില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം മൂന്നായി.

അമേരിക്കയിൽ ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കോവിഡ് മരണം 8450 കവിഞ്ഞു.  വൈറസ് അതിവേഗം പടര്‍ന്നുപടിക്കുന്നത് ന്യൂയോര്‍ക്കിലും ലൂസിയാനയിലുമാണ്. ന്യൂയോര്‍ക്കില്‍ ഒരോ രണ്ടര മിനുട്ടിലും ഒരാള്‍ മരിക്കുന്നതായി ഗവര്‍ണര്‍ ആന്‍ഡ്രു കുമോ വെളിപ്പെടുത്തി. അടിയന്തര സഹായത്തിന് ന്യൂയോര്‍ക്കില്‍ സൈന്യമിറങ്ങി.

കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് പ്രസിഡന്‍റ് ട്രംപ് അറിയിച്ചു. “വരും ആഴ്ചകളാണ് ഏറ്റവും സങ്കീർണ്ണം. നിരവധി മരണങ്ങൾക്ക് സാധ്യതയുണ്ട്. പ്രതിരോധ നടപടികൾ വഴി മരണസംഖ്യ കുറച്ചു കൊണ്ടു വരാനുള്ള ശ്രമത്തിലാണ്”, ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലോകത്ത് കോവിഡ് രോ​ഗ ബാധിതരുടെ എണ്ണം 12 ലക്ഷം കവിഞ്ഞിരിക്കുകയാണ്. 64,667 പേരാണ് ലോകത്താകമാനം മരിച്ചത്. കോവിഡ് രോ​ഗകളുടെ എണ്ണം ഏറ്റവും കൂടുതൽ അമേരിക്കയിലാണ് റിപ്പോർട്ട് ചെയ്യുന്നത്. 3,11,000ത്തിലധികം പേരാണ് കോവിഡ് ബാധിതർ.