ഒരു കുട്ടിക്ക് ഒന്നരലക്ഷം വൃക്കയ്ക്ക് രണ്ട് ലക്ഷം; വിശപ്പടക്കാന്‍ തങ്ങളെ തന്നെ വിറ്റ് അഫ്ഗാന്‍ ജനത

 

താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ ജനങ്ങള്‍ വിശപ്പടക്കാന്‍ പോലും പാടുപെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനായി ജനങ്ങള്‍ കുട്ടികളെയും അവയവങ്ങളും വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട് എത്തുന്നത്.

 

അഫ്ഗാനിലെ ബാല്‍ക് പ്രവിശ്യയിലെ ക്യാമ്പുകളില്‍ താമസിക്കുന്നവരാണ് പണത്തിന് കുഞ്ഞുങ്ങളെ വില്‍ക്കുന്നതിനൊപ്പം തങ്ങളുടെ അവയവങ്ങളും വില്‍ക്കുന്നത്. വൃക്കകളാണ് ഇത്തരത്തില്‍ ആളുകള്‍ വില്‍ക്കുന്നതെന്നാണ് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളെയും അവയവങ്ങളും വില്‍പന നടത്തുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കാന്‍ ചാരിറ്റി കമ്മിറ്റികള്‍ ഇവര്‍ക്ക് സഹായമെത്തിക്കുന്നുണ്ട്.

ഒരു കുട്ടിക്ക് വില ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം അഫ്ഗാനി രൂപ വരെയും വൃക്കക്ക് ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം (22,0000) വരെയുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ട ഫണ്ട് കണ്ടെത്താന്‍ പുതിയ താലിബാന്‍ സര്‍ക്കാരിന് സാധിക്കാത്തതും പ്രധാന പ്രശ്‌നമായി വിലയിരുത്തപ്പെടുന്നു.

താലിബാന്‍ ഭരണത്തിന് കീഴില്‍ ഭക്ഷ്യക്ഷാമവും മറ്റ് മാനുഷിക പ്രതിസന്ധികളും നേരിടുന്ന അഫ്ഗാനിസ്ഥാന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു.