സൈനിക ബന്ധം മറച്ചുവച്ചു, ചൈനീസ് വിദ്യാർത്ഥികൾക്കെതിരെ യു‌.എസിൽ കേസ്

വിസ അപേക്ഷ സമർപ്പിച്ചപ്പോൾ ചൈനീസ് സൈന്യവുമായി (പി.എൽ.എ) ഉള്ള ബന്ധം മറച്ചുവെച്ചതായി ചൈനീസ് ഗവേഷക വിദ്യാർത്ഥികൾക്കെതിരെ യു.എസിൽ ആരോപണം. യു.എസിൽ ജോലി ചെയ്യാമെന്ന് കരുതിയാണ് ഇവർ സൈനിക ബന്ധം മറച്ചുവച്ചത് എന്നാണ് പറയപ്പെടുന്നത്. ഗവേഷകരിൽ ഒരാളായ ജുവാൻ ടാങിനെതിരെ കേസെടുത്ത് വെള്ളിയാഴ്ച വടക്കൻ കാലിഫോർണിയയിലെ ജയിലിലേക്ക് കൊണ്ടുപോയി എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച ഫെഡറൽ കോടതിയിൽ ഹാജരാക്കും.

യു.എസ് മാർഷൽസ് സർവീസ് അറസ്റ്റു ചെയ്തതിനെത്തുടർന്ന് 37 കാരിയായ ജുവാൻ ടാങിനെ ഫെഡറൽ അധികൃതർക്ക് വേണ്ടി തടവിലാക്കിയതായി സാക്രമെന്റോ കൗണ്ടി ജയിൽ രേഖകൾ വ്യക്തമാക്കുന്നു. അവർക്ക് വേണ്ടി അഭിപ്രായം പറയാൻ കഴിയുന്ന ഒരു അറ്റോർണി ഉണ്ടോ എന്ന് വ്യക്തമല്ല.

ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ അംഗങ്ങൾ എന്ന നിലയിലുള്ള വിവരങ്ങൾ മറച്ചു എന്നാണ് ജുവാൻ ടാങിനും യു.എസിൽ താമസിക്കുന്ന മറ്റ് മൂന്ന് ശാസ്ത്രജ്ഞർക്കും എതിരെ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് കുറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാവർക്കുമെതിരെ വിസ തട്ടിപ്പാണ് ചുമത്തിയത്.

സാൻ ഫ്രാൻസിസ്കോയിലെ ചൈനീസ് കോൺസുലേറ്റ് പലായനം ചെയ്തയാളെ പാർപ്പിച്ചുവെന്ന് നീതിന്യായ വകുപ്പ് ആരോപിച്ചതിനെത്തുടർന്ന് അറസ്റ്റിലായ നാലുപേരിൽ അവസാനത്തെയാളാണ് ജുവാൻ ടാങ്. കാലിഫോർണിയ സർവകലാശാല, ഡേവിസിൽ (യു.സി ഡേവിസ്) ജോലി ചെയ്യാൻ പദ്ധതിയിട്ട് കഴിഞ്ഞ ഒക്ടോബറിൽ വിസ അപേക്ഷയിലും മാസങ്ങൾക്കുശേഷം എഫ്ബിഐ അഭിമുഖത്തിലും ജുവാൻ ടാങ് തന്റെ സൈനിക ബന്ധത്തെക്കുറിച്ച് നുണ പറഞ്ഞുവെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. സൈനിക യൂണിഫോം ധരിച്ച ടാങിന്റെ ഫോട്ടോകൾ ഏജന്റുമാർ കണ്ടെത്തി, അവളുടെ സൈനിക ബന്ധം തിരിച്ചറിയുന്ന ചൈനയിലെ ലേഖനങ്ങൾ അവലോകനം ചെയ്തു.

റേഡിയേഷൻ ഓങ്കോളജി വകുപ്പിലെ വിസിറ്റിംഗ് ഗവേഷകയെന്ന നിലയിൽ ജൂണിൽ ജുവാൻ ടാങ് ജോലി ഉപേക്ഷിച്ചതായി യു.സി ഡേവിസ് പറഞ്ഞു. ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട പഠന അധിഷ്ഠിത എക്സ്ചേഞ്ച് പ്രോഗ്രാം ആണ് അവളുടെ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതെന്ന് സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.

ജൂൺ 20 ന് ഡേവിസിലെ വീട്ടിൽ വച്ച് അഭിമുഖം നടത്തിയതിന് ശേഷം ടാങ് കോൺസുലേറ്റിൽ അഭയം തേടി എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. ചൈനീസ് മിലിട്ടറിയുമായുള്ള ബന്ധം മറച്ചുവെച്ചതായി സംശയിക്കുന്നതിനാൽ 25 ലധികം അമേരിക്കൻ നഗരങ്ങളിൽ വിസ ഉടമകളെ എഫ്ബിഐ അഭിമുഖം നടത്തിവരികയാണ്.

അമേരിക്കയുടെ ബൗദ്ധിക സ്വത്തവകാശം ചൈന ലംഘിച്ചു എന്ന ആരോപണത്തെത്തുടർന്ന് യു.എസ്-ചൈന ബന്ധം വഷളായിക്കൊണ്ടിരിക്കെയാണ് ഈ ആരോപണം ഉയർന്നത്. ടെക്സസിലെ മെഡിക്കൽ, മറ്റ് ഗവേഷണങ്ങൾ മോഷ്ടിക്കാൻ ചൈനീസ് ഏജന്റുമാർ ശ്രമിച്ചുവെന്ന് യു.എസ് ആരോപിച്ചതിനെത്തുടർന്ന് ഹ്യൂസ്റ്റണിലെ ചൈന കോൺസുലേറ്റ് വെള്ളിയാഴ്ച അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നു. ഇതിന് മറുപടിയായി ചൈന വെള്ളിയാഴ്ച ചെംഗ്ഡു നഗരത്തിലെ കോൺസുലേറ്റ് അടയ്ക്കാൻ യുഎസിന് നിർദേശം നൽകി.