യുഎസിൽ ജീവനക്കാർക്ക് ഗർഭഛിദ്രത്തിന് സഹായം പ്രഖ്യാപിച്ച് ബഹുരാഷ്ട്ര കമ്പനികൾ

അമേരിക്കയിൽ ഗർഭഛിദ്രം നടത്തുന്നതിന് നിയമ സാധുത നൽകുന്ന വിധി റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യു.എസിൽ വനിതകൾക്ക് ഗർഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം നൽകുന്ന 1973 ലെ റോ വേഴ്‌സസ് വെയ്ഡ് കേസിലെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. സുപ്രീം കോടതി വിധിക്കെതിരെ വനിതകൾ തെരുവിലിങ്ങി പ്രതിഷേധിക്കുകയാണ്.

ഗർഭഛിദ്രത്തിന് തടസ്സങ്ങൾ നേരിടുന്ന തങ്ങളുടെ ജീവനക്കാർക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിച്ച് ബഹുരാഷ്ട്ര കമ്പനികളും രം​ഗത്തെത്തിയിട്ടുണ്ട്. മീഡിയ, ടെക്‌നോളജി, ഫിനാൻസ് മേഖലകളിലെ നിരവധി കമ്പനികളാണ് ഗർഭഛിദ്രത്തിന് പിന്തുണയറിയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ആമസോൺ, മെറ്റ, നെറ്റ്ഫ്‌ലിക്‌സ്, മൈക്രോസോഫ്റ്റ്, ആപ്പിൾ, ഡിസ്‌നി, ലെവിസ്, ഡിസ്‌നി, സ്റ്റാർബക്ക്‌സ്, തുടങ്ങിയ കമ്പനികളാണ് ഗർഭഛിദ്രത്തിന് തടസ്സം നേരിടുന്ന സ്ത്രീകൾക്ക് സഹായം നൽകുമെന്നറിയിച്ചത്.

സ്ത്രികൾ കൂടുതൽ ജോലി ചെയ്യുന്ന  സംസ്ഥാനത്ത് ഗർഭഛിദ്രത്തിന് നിയമ തടസ്സമുണ്ടെങ്കിൽ മറ്റൊരു സംസ്ഥാനത്ത് പോവാനുള്ള മുഴുവൻ ചിലവും കമ്പനികൾ വഹിക്കാമെന്നാണ്  നൽകിയിരിക്കുന്ന ഓഫർ. തിരഞ്ഞെടുക്കപ്പെട്ട ഗർഭഛിദ്രം ഉൾപ്പെടെയുള്ള ജീവൻ അപകടപ്പെടുത്താത്ത മെഡിക്കൽ ചികിത്സകൾക്കായി പ്രതിവർഷം 4,000 ഡോളർ വരെ യാത്രാ ചെലവുകൾ നൽകുമെന്ന്  ആമസോൺ അറിയിച്ചിട്ടുണ്ട്.

ഗർഭഛിദ്രം നടത്താൻ സ്ത്രീകൾക്കുള്ള ഭരണഘടനാപരമായ അവകാശം അംഗീകരിക്കുന്ന വിധി യായിരുന്നു 1973 ലേത്. ഭരണഘടനയിൽ ഗർഭഛിദ്രം നടത്താവുന്ന സമയം വ്യക്തമാക്കാത്തതിനാൽ 28 ആഴ്ച വരെയുള്ള ഗർഭഛിദ്രം അനുവദിച്ചിരുന്നു. 15 ആഴ്ചകൾക്കുശേഷമുള്ള ഗർഭഛിദ്രം നിരോധിക്കുന്ന മിസിസിപ്പിയിലെ നിയമം കോടതി 63 ഭൂരിപക്ഷവിധിയിൽ അംഗീകരിച്ചു.

റിപ്പബ്ലിക്കൻ പിന്തുണയോടെ മിസിസിപ്പി സംസ്ഥാനം നേരത്തെ പാസാക്കിയ ഗർഭഛിദ്ര നിരോധന നിയമത്തിന് പരമോന്നത കോടതി അംഗീകാരവും നൽകി. സുപ്രീം കോടതി വിധി പിന്തുടർന്ന് 50 സംസ്ഥാനങ്ങളിൽ പകുതിയോളം ഗർഭഛിദ്ര നിരോധനമോ നിയന്ത്രണമോ നടപ്പാക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.