സാമാധാന കരാറിനായി ഇറാൻ സമർപ്പിച്ച 14 ഇന നിർദേശങ്ങൾ പരിശോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇറാൻ മുന്നോട്ടു വെച്ച നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്‌ളോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ 47 വർഷമായി ഇറാൻ ചെയ്ത കാര്യങ്ങൾക്ക് അവർ അർഹമായ ‘വില നൽകേണ്ടി വന്നിട്ടില്ല’ എന്നും ട്രംപ് പറഞ്ഞു. സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടികൾ വീണ്ടും ആരംഭിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാൻ ‘മോശമായി പെരുമാറുകയാണെങ്കിൽ’ അവർക്കെതിരേ വീണ്ടും ആക്രമണങ്ങൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്ത് സാഹചര്യത്തിലാണ് വീണ്ടും ആക്രമണം ഉണ്ടാവുക എന്ന് അദ്ദേഹം വ്യക്തമാക്കിയില്ലെങ്കിലും ഇത്തരത്തിലുള്ള ഒരു നീക്കത്തിന് സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽ നീട്ടുന്നതിന് പകരം യുദ്ധം പൂർണമായി അവസാനിപ്പിക്കണം, ലെബനനിലേത് അടക്കം എല്ലാ ആക്രമണങ്ങളും അമേരിക്ക അവസാനിപ്പിക്കണം, ഹോർമുസിന്റെ നിയന്ത്രണത്തിന് പുതിയ സംവിധാനം വേണം, മേഖലയിൽ നിന്ന് യുഎസ് സേനയെ പൂർണമായും പിൻവലിക്കണം തുടങ്ങി 14 ഇന നിർദേശങ്ങളാണ് ഇറാൻ പുതിയ കരാറിന്റെ ഭാഗമായി സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ വഴി നിർദേശങ്ങൾ സമർപ്പിച്ചത്.







