ശ്രീലങ്ക: ബുർഖ നിരോധനം പ്രായോഗികമോ ?

2018- ൽ നടന്ന ഈസ്റ്റർ ചർച്ച് സ്ഫോടനം കാരണമാക്കി ശ്രീലങ്ക ബുർഖ നിരോധനം നടപ്പിലാക്കാനൊരുങ്ങുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ വിദഗ്ദ്ധരുടെ ചർച്ചകൾക്കു വഴിവെയ്ക്കുകയാണിപ്പോൾ. മാർച്ച് 13 ന് സുരക്ഷാമന്ത്രി ശരത് വീരശേഖരയാണ് പ്രഖ്യാപനം നടത്തിയത്. ബുർഖ ശ്രീലങ്കൻ വേഷമല്ലെന്നും അത് തീവ്രവാദത്തിന്റെ അടയാളമാണെന്നുമാണ്  ഗവൺമെന്റ്  നിലപാട്. ബുർഖ നിരോധനം കൂടാതെ  ആയിരത്തോളം മദ്രസകൾ  അടച്ചുപൂട്ടാനും പദ്ധതിയുണ്ട്.

ബുർഖയെ എതിർക്കുന്നവർ പലപ്പോഴും മുന്നോട്ടുവെയ്ക്കാറുള്ള  ഒരു സംഗതി ലോകത്തിനു മാതൃകകളായ ചില യൂറോപ്യൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും നിരോധനമുണ്ടെന്നാണ്. അതാകട്ടെ താട മുതൽ നെറ്റി വരെ വെളിയിൽ കാണണമെന്നേ നിർബന്ധമുള്ളൂ. തലയും കഴുത്തും  മറയ്ക്കാൻ അനുവാദമുണ്ട്. അഥവാ മുഖം പൂർണമായോ കണ്ണുകൾ മാത്രം കാണത്തക്ക വണ്ണമോ മറയ്ക്കാൻ പാടില്ല. ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളുടെ ലിബറൽ വാല്യൂസ് നിലനിർത്താനുള്ള പ്രസ്തുത തീരുമാനം മുസ്ലിങ്ങളിൽ തന്നെ പുരോഗമനപക്ഷം സ്വാഗതം ചെയ്തതാണ്.

എന്നാൽ കോവിഡ് കാലമായപ്പോൾ സ്ത്രീകൾ എന്നല്ല പുരുഷന്മാരും മാസ്ക് ധരിക്കണമെന്നും കണ്ണു മാത്രം പുറത്തു കണ്ടാൽ മതിയെന്നുമായി പുതിയ ചട്ടം. ചുരുക്കി പറഞ്ഞാൽ ഇപ്പറഞ്ഞ രാജ്യങ്ങളിലെല്ലാം ഇപ്പോൾ കണ്ണു മാത്രം പുറത്തു കാണുന്ന നിഖാബ് ധരിക്കാം ! കോവിഡ് തടയാനുള്ള നെട്ടോട്ടത്തിനിടയിൽ, വാക്സിനെടുത്തവർ പോലും മാസ്ക് വെയ്ക്കണമെന്ന് ഗവൺമെന്റുകൾ  നിർദ്ദേശിക്കുമ്പോൾ    മുഖഭാഗങ്ങൾ മുഴുവനും പുറത്തു കാണണം എന്നൊരു നിയമം ശ്രീലങ്കയെന്നല്ല ഏതു രാജ്യം നടപ്പിലാക്കാനാണെന്നാണ്  ആരോഗ്യവിദഗ്ധർ ചോദിക്കുന്നത്. സ്വാതന്ത്ര്യ മൂല്യങ്ങളുടെയും “ഫ്രഞ്ച് ഐഡന്റിറ്റി”യുടെയും  പേരിലാണ്  മുഖാവരണം നിരോധിച്ചതെന്ന ഫ്രഞ്ച് ഗവൺമെന്റ് ഭാഷ്യത്തിന്റെ കടുത്ത വിമർശകയാണ് ഫ്രഞ്ച് ഫിലിം മേക്കറും എഴുത്തുകാരിയുമായ റോക്കായ ഡിയാലോ.

ഒരു വ്യക്തിയുടെ ഐഡന്റിറ്റി മറച്ചുവെയ്ക്കുന്നു എന്നതാണ്   ബുർഖ നിരോധന പ്രഖ്യാപനത്തിനു പിന്നിലെങ്കിൽ എല്ലാ രാജ്യങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളെ മറികടക്കാൻ കഴിയുന്ന ഒന്നല്ല ഒരു വസ്ത്രവും എന്നാണ് സുരക്ഷാവിദഗ്ധരുടെ  ഒരു പക്ഷം. ഒരു സ്ത്രീയോട് അവളിഷ്ടപ്പെടുന്ന വസ്ത്രം ധരിക്കരുതെന്നു പറയുന്നതും ട്രാൻസ്ജെന്ററിനോട് തനതു വേഷത്തിൽ നടന്നു കൊള്ളണമെന്നു കല്പിക്കുന്നതും ഒരു പോലെയാണെന്ന്  ലിംഗസമത്വത്തിനായി ശബ്ദിക്കുന്നവരും അഭിപ്രായപ്പെടുന്നു. പൊതുസ്ഥലത്ത് ബുർഖ നിരോധിച്ചപ്പോൾ ക്യാറ്റ് വാക്കുകളിലെ മോഡലുകൾക്കുപോലും മാസ്ക് ധരിക്കേണ്ടി വന്നു എന്നാണ് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി പ്രൊഫസറും സാമൂഹിക ഗവേഷകനുമായ ഡോ. തോമസ് സീലി ഓപ്പൺ ഡെമോക്രസിയിൽ  എഴുതിയത്.

അസമയത്തുള്ള ഈ പ്രഖ്യാപനം ശ്രീലങ്കൻ മുസ്ലിം ജനതയിൽ അരക്ഷിതബോധവും ഇതര വിഭാഗങ്ങളിൽ ഇസ്ലാമോഫോബിയയും വളർത്തുകയാണ് ചെയ്യുക എന്ന് ശ്രീലങ്കൻ സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഷ്റീൻ സരൂർ ഒരഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. ബുർഖ മാത്രമല്ല ഭാഗികമായി മാത്രം മുഖം മറയുന്ന നിഖാബ്, ഹിജാബ്, മഫ്ത്ത എന്നീ മുഖപടങ്ങൾ കൂടി നിരോധിക്കുമെന്നാണ് സൂചന. എന്നാൽ ശ്രീലങ്കൻ പ്രഖ്യാപനത്തിന് ഇക്കാര്യത്തിൽ വ്യക്തത ഇനിയും ലഭിച്ചിട്ടില്ല.