രാഷ്ട്രീയമല്ലേ, അത് കാലാകാലം മാറിവരും; ബി.ജെ.പിയിലേക്കോ എന്ന ചോദ്യത്തിന് കാപ്പന്റെ മറുപടി

ബി.ജെ.പിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മാണി സി കാപ്പന്‍. രാഷ്ട്രീയമല്ലേ, അത് കാലാകാലം മാറി വരുമെന്നുമായിരുന്നു കാപ്പന്റെ മറുപടി. ബി.ജെ.പിയിലേക്ക് ഇപ്പോള്‍ പോകുമോ എന്ന ചോദ്യത്തിന് പറയാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. അവസരം കിട്ടിയാല്‍ പോകുമോ എന്നു ചോദിച്ചപ്പോള്‍ അവസരം എല്ലാവര്‍ക്കും വരില്ലേ എന്നായിരുന്നു കാപ്പന്റെ പ്രതികരണം.

ഇത്രയും കാലം യു.ഡി.എഫിലുണ്ടായിരുന്ന ജോസ് കെ.മാണി എല്‍.ഡി.എഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെ.എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തുവന്നു…കാപ്പന്‍ പറഞ്ഞു.

യു.ഡി.എഫിന്റെ പരിപാടികളില്‍ നിന്നും തന്നെ അകറ്റി നിര്‍ത്തുന്നുവെന്ന് കാപ്പന്‍ അടുത്തിടെ പരാതി ഉന്നയിച്ചിരുന്നു. പല തവണ രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പാലായില്‍ എല്‍.ഡി.ഫ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് കെ.മാണിയെ 14,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി.കാപ്പന്‍ പരാജയപ്പെടുത്തിയത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്ന പാര്‍ട്ടി രൂപീകരിച്ച കാപ്പന്‍, പാലായില്‍ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ചത്.