കുണ്ടറയിലെയും കരുനാഗപ്പള്ളിയിലെയും തോല്‍വി: ഏഴ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് എതിരെ സി.പി.എം നടപടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കേറ്റ പരാജയത്തില്‍ നടപടി കൈക്കൊണ്ട് സിപിഎം. സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗമാണ് ഏഴ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ആര്‍. വസന്തന്‍, എന്‍.എസ്. പ്രസന്നകുമാര്‍ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതാണ് പ്രധാന നടപടി. മുന്‍ മന്ത്രി മേഴ്‌സി ക്കുട്ടിയമ്മയുടെ ഭര്‍ത്താവും സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ ബി. തുളസീധര കുറുപ്പ് ഉള്‍പ്പെടെ അഞ്ച് നേതാക്കളെ താക്കീത് ചെയ്യാനും തീരുമാനമായി.

തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ നിയമിച്ച രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കുറ്റക്കാരെന്ന് കണ്ടവരെ ശിക്ഷിച്ചത്. ജില്ലാ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി സമ്മേളന വേളയായതിനാല്‍ അത് വേണ്ടെന്ന് ജില്ലാ കമ്മിറ്റി നിലപാടെടുക്കുകയായിരുന്നു.