വോട്ടുചോര്‍ച്ചയില്‍ ആടിയുലഞ്ഞ് എന്‍.ഡി.എ; ബി.ഡി.ജെ.എസ് വോട്ടു മറിച്ചെന്ന് ആരോപണം

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വോട്ടുചോര്‍ച്ചയില്‍ എന്‍ഡിഎ മുന്നണികള്‍ക്കകത്തെ പൊട്ടിത്തെറി പരസ്യമായിരിക്കുകയാണ്. എന്‍.ഡി.എ.യിലെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ്, ബി.ജെ.പി.യുമായി അകലുന്നു എന്നാണ് ഏറ്റവുമൊടുവിലെ വാര്‍ത്ത. ബി.ജെ.പി. നേതാക്കള്‍ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഫോണില്‍ സംസാരിച്ചെങ്കിലും മഞ്ഞുരുകിയിട്ടില്ലെന്നും മുന്നണി കണ്‍വീനര്‍ സ്ഥാനം ബി.ഡി.ജെ.എസ്. അദ്ധ്യക്ഷന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചതോടെ പ്രതിസന്ധി കടുത്തിരിക്കുകയാണ്.

മുന്‍കാല തിരഞ്ഞെടുപ്പുകളെക്കാള്‍ വോട്ടുവിഹിതത്തില്‍ ഇത്തവണയുണ്ടായ കുറവാണ് പരസ്പരം പഴിചാരലിന് ആയുധമാകുന്നത്. വോട്ടുമറിച്ചെന്ന ആരോപണം ഇരുകൂട്ടരും രഹസ്യമായി ഉയര്‍ത്തുന്നതിനിടെയാണ് തുഷാറിന്റെ നിലപാട്. കാലങ്ങളായി ബി.ജെ.പി. തുടരുന്ന അവഗണനയാണ് തുഷാറിനെയും കൂട്ടരെയും പ്രകോപിപ്പിക്കുന്നത്.

2016-ല്‍ കോവളം മണ്ഡലത്തില്‍ ബി.ഡി.ജെ.എസിലെ കോവളം ടി.എന്‍. സുരേഷ് 30,987 വോട്ടു നേടിയിരുന്നു. ഇത്തവണ മറ്റൊരു ഘടകകക്ഷിയായ കാമരാജ് കോണ്‍ഗ്രസിലെ വിഷ്ണുപുരം ചന്ദ്രശേഖരന്‍ താമരചിഹ്നത്തില്‍ മത്സരിച്ചപ്പോള്‍ കിട്ടിയത് 18,664 വോട്ടാണ്. ഇതോടെ, ഇപ്പോഴത്തെ നിലയില്‍ എന്‍.ഡി.എ.യ്ക്ക് ബി.ഡി.ജെ.എസ്. ബാദ്ധ്യതയാണെന്നും ഇടതുമുന്നണിക്ക് വോട്ടുമറിച്ചു കൊടുക്കുന്ന ഇങ്ങനെയൊരു ഘടകകക്ഷി എന്‍.ഡി.എ.യില്‍ വേണോയെന്നും ചോദിച്ച് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടതോടെ ഘടകകക്ഷികള്‍ക്കിടയിലെ ഭിന്നത മറ നീക്കി പുറത്തുവന്നു.

21 മണ്ഡലങ്ങളില്‍ മത്സരിച്ച ബി.ഡി.ജെ.എസ്. ശക്തി തെളിയിച്ചില്ലെന്നാണ് ബി.ജെ.പി.യുടെ ആക്ഷേപം. തദ്ദേശ തിരഞ്ഞെടുപ്പിലും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ലെന്ന് ബി.ജെ.പി. നേതാക്കള്‍ പറയുന്നു. ഇനി ബി.ജെ.പി.യുടെ വിശദമായ വിലയിരുത്തലുകള്‍ക്കു ശേഷമേ ഘടകക്ഷികളുമായി കൂടുതല്‍ ചര്‍ച്ചയുള്ളൂവെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായിരുന്ന വോട്ടുവിഹിതത്തില്‍ വലിയ ഇടിവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പാലക്കാട്, നേമം സീറ്റുകളില്‍ ഒഴിച്ചാല്‍ മറ്റിടങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കാനോ മുന്നണിക്കായിട്ടില്ല. സംസ്ഥാനത്ത് അധികാരം പിടിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിലയും പരുങ്ങലിലായിരുന്നു. ഇക്കാര്യങ്ങളൊക്കെ സംബന്ധിച്ച പൊട്ടിത്തെറി സംസ്ഥാന ബിജെപി ക്യാമ്പില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി വിലയിരുത്താന്‍ ബിജെപി സംസ്ഥാന നേതാക്കള്‍ താഴേ തട്ടിലേക്കിറങ്ങുന്നുവെന്ന് തീരുമാനമുണ്ടായിട്ടുണ്ട്. ബൂത്ത്, മണ്ഡലം തലങ്ങളില്‍ സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തി പരിശോധന നടത്തും. ഓണ്‍ലൈനായി ചേര്‍ന്ന ഭാരവാഹി യോഗത്തിന്റേതാണ് തീരുമാനം. തോല്‍വിയുടെ പശ്ചാത്തലത്തിലുള്ള സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ രാജി സന്നദ്ധത കേന്ദ്ര നേതൃത്വം തള്ളിയിട്ടുണ്ട്.

സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗുരുതരമായ വീഴ്ച പറ്റി. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വഴിമുട്ടിയത് തിരിച്ചടിയായി തുടങ്ങിയ വിമര്‍ശനങ്ങളായിരുന്നു യോഗത്തിലുയര്‍ന്നത്. സംസ്ഥാന അദ്ധ്യക്ഷന്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്ത് പ്രചാരണം നടത്തിയതിലും വിമര്‍ശനമുണ്ടായി. അതേസമയം പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരടക്കം ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

കഴിഞ്ഞ തവണ നേമത്ത് തുറന്ന അക്കൗണ്ടും പൂട്ടിയതോടെ കേരളത്തില്‍ സംപൂജ്യരായി മാറിയ ബിജെപിക്ക് വോട്ടിംഗ് ശതമാനക്കണക്കിലും വന്‍ തിരിച്ചടിയാണ് ഇത്തവണ ഉണ്ടായത്. 35 സീറ്റ് നേടിയാല്‍ കേരളത്തില്‍ ഭരണം പിടിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ കിണഞ്ഞ് ശ്രമിച്ച തിരഞ്ഞെടുപ്പില്‍ ഫലം പുറത്ത് വരുമ്പോള്‍ 2016 ല്‍ കിട്ടിയ വോട്ട് കണക്കില്‍ നാല് ശതമാനത്തിന്റെ ഇടിവാണ് ബിജെപിക്ക് ഉള്ളത്. പ്രതീക്ഷിച്ച ഒരിടത്തും മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് മാത്രമല്ല പയറ്റിയ തന്ത്രങ്ങളത്രയും കേരളം തള്ളിക്കളയുകയും ചെയ്തു.

ഏത് കണക്കില്‍ നോക്കിയാലും വന്‍ ആഘാതമാണ് സംസ്ഥാനത്ത് ബിജെപി നേരിട്ടത്. കയ്യിലുള്ള നേമം കൂടി പോയതോടെ പറഞ്ഞു നില്‍ക്കാന്‍ പോലും പറ്റാത്തത്ര പ്രതിരോധത്തിലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം. സീറ്റെണ്ണം ചോദിക്കുമ്പോള്‍ വോട്ടിംഗ് ശതമാനത്തിനെ വര്‍ദ്ധന ചൂണ്ടിക്കാണിച്ച് ശീലിക്കുകയും അങ്ങനെ പിടിച്ച് നില്‍ക്കുകയും ചെയ്തിരുന്ന നേതാക്കള്‍ക്ക് ഇത്തവണ അതിനും കഴിയാത്ത അവസ്ഥയായെന്ന് ചുരുക്കം .

കേരളത്തില്‍ ഇത്തവണ വന്‍ നേട്ടം ഉണ്ടാക്കമെന്ന കണക്കു കൂട്ടിലിലായിരുന്നു ബിജെപി ദേശീയ നേതാക്കളും . പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും യോഗി ആദിത്യനാഥും അടക്കം ദേശീയ നേതാക്കളുടെ നിര തന്നെ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പറന്നിറങ്ങി. നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരത്തി വോട്ട് തേടി. എന്നിട്ടും ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതം 11.30 ശതമാനം. 2016 ഇല്‍ ഇത് 15.01 ശതമാനം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത് 15.53 ശതമാനം. ഇക്കഴിഞ്ഞ തദ്ദേശപ്പോരില്‍ 15.56. അതായത് ആളും അര്‍ത്ഥവും ആവശ്യത്തിലധികം ഇറങ്ങിയിട്ടും സമീപകാലത്തെ എല്ലാ തിരഞ്ഞെടുപ്പിനേക്കാളും കുറഞ്ഞു വോട്ടുകള്‍.

രണ്ടാം കക്ഷിയായ ബിഡിജഎസിനും മത്സരിച്ച എല്ലായിടത്തും വോട്ട് ഇടിഞ്ഞു. കോന്നിയില്‍ ഉപതിരഞ്ഞെടുപ്പിനെക്കാള്‍ 6975 വോട്ടുകള്‍ കുറഞ്ഞാണ് കെ.സുരേന്ദ്രന്‍ ദയനീയമായി മൂന്നാമതെത്തിയത്. സംപൂജ്യരായതിനൊപ്പം വോട്ട് ശതമാനത്തിലെ കുറവും എങ്ങിനെ ദേശീയ നേതൃത്വത്തോട് വിശദീകരിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം. പാര്‍ട്ടിയില്‍ അഴിച്ചുപണിക്കുള്ള ആവശ്യം മുറുകുന്നുണ്ട്. ദേശീയ നേതൃത്വത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു പിപി മുകുന്ദന്‍ രംഗത്തെത്തിയിട്ടുണ്ട്.