പൗരത്വ നിയമത്തിനെതിരായ വിദ്യാർത്ഥി പ്രതിഷേധത്തിൽ സീ ന്യൂസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു; അതൃപ്തി അറിയിച്ച് മാധ്യമപ്രവർത്തകന്റെ രാജി

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിചച്ചതിനെ തുടർന്ന് സർക്കാരിന്റെ അടിച്ചമർത്തലിന് വിധേയരായ ജാമിയ മിലിയ ഇസ്ലാമിയ, അലിഗഡ് മുസ്‌ലിം സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സീ മീഡിയയുടെ പ്രൊഡക്ഷൻ ഹെഡ് നസീർ അസ്മി വച്ചു. ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ജെ.എൻ.യു, കൻയ്യ കുമാർ, അലിഗഡ് മുസ്ലിം സർവകലാശാല, അടുത്തിടെ ജാമിയ മിലിയ ഇസ്ലാമിയ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സീ ന്യൂസ് പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

“പത്രപ്രവർത്തനത്തിന്റെ ഉത്തരവാദിത്തങ്ങളിൽ സീ മീഡിയ പരാജയപ്പെട്ടുവെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു, പ്രത്യേകിച്ച് എന്റെ ജീവിതത്തിന്റെ സുവർണ്ണ സമയം നൽകിയ സീ ന്യൂസ്. ജെ.എൻ.യു, കൻയ്യ കുമാർ, അടുത്തിടെ എ.എം.യു, ജാമിയ മിലിയ സംഭവങ്ങളിൽ സീ ന്യൂസ് അതിന്റെ ഉത്തരവാദിത്വങ്ങളിൽ പരാജയപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കും വരാനിരിക്കുന്ന ദേശീയ പൗരത്വ പട്ടികയ്ക്കും എതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ജാമിയയിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രാജ്യത്തെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ ചാനൽ ശ്രമിച്ചു. അതിനാൽ ധാർമ്മിക കാരണങ്ങളാലും രാജ്യത്തിന്റെ താൽപ്പര്യത്തിനായും പത്രപ്രവർത്തനം സംരക്ഷിക്കുന്നതിനുമായി എന്റെ സീ മീഡിയയിലെ എന്റെ സേവനങ്ങൾ നിർത്താനും ഞാൻ തീരുമാനിച്ചു. ” രാജിപ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

അതേസമയം സീ ന്യൂസിലെ മറ്റൊരു ജീവനക്കാരൻ പറയുന്നത് അസ്മി മര്യാദയ്ക്ക് ജോലിചെയ്യാത്ത ആളായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നപോലെ ഒന്നും സംഭവിച്ചിട്ടില്ല എന്നുമാണ്. അതേസമയം സീ ന്യൂസിൽ മുൻപുണ്ടായിരുന്ന ഒരു ജീവനക്കാരൻ അസ്മിയുടെ ആരോപണങ്ങളെ ശരിവച്ചുകൊണ്ടും മുന്നോട്ടുവന്നു.