തെലങ്കാന തിരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളില്‍ മത്സരിക്കാനൊരുങ്ങി വൈഎസ് ശര്‍മിള; വൈഎസ്ആറിന്റെ ഭാര്യ വിജയമ്മയെയും മത്സരിപ്പിക്കാന്‍ നീക്കം

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ അധ്യക്ഷയുമായ വൈഎസ് ശര്‍മിള രണ്ട് സീറ്റില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് കൂടാതെ വൈഎസ്ആറിന്റെ ഭാര്യ വിജയമ്മയെയും മത്സരിപ്പിക്കാന്‍ നീക്കമുണ്ട്. സംസ്ഥാനത്തെ 119 സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

2021 ജൂലൈ 8ന് വൈഎസ്ആറിന്റെ ജന്മദിനത്തില്‍ ആയിരുന്നു ശര്‍മിള വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി രൂപീകരിച്ചത്. ശര്‍മിളയുടെ സഹോദരന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു പുതിയ പാര്‍ട്ടി രൂപീകരിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.

വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി മുന്നോട്ട് വച്ച നിര്‍ദ്ദേശത്തോട് പ്രതികരിക്കാനായി സെപ്റ്റംബര്‍ 30 വരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സമയപരിധിയും നല്‍കിയിരുന്നു. അനുകൂല പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. അതേ സമയം ശര്‍മിള ആന്ധ്രയില്‍ പ്രവര്‍ത്തിക്കുന്നതിനോടായിരുന്നു ഹൈക്കമാന്‍ഡിനും പിസിസി നേതൃത്വത്തിനും താത്പര്യം. ശര്‍മിള അതിന് തയ്യാറാകാതെ വന്നതോടെയാണ് കോണ്‍ഗ്രസുമായുള്ള ലയന സാധ്യത ഇല്ലാതായത്.