യുവാവിന്റെ കസ്റ്റഡി മരണം; ചെന്നൈയില്‍ പൊലീസുകാര്‍ക്ക് എതിരെ കൊലപാതകത്തിന് കേസ്

ചെന്നൈയില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട് പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസ്. പൊലീസുകാരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. വിഗ്നേഷ് എന്ന 25 വയസുകാരനാണ് കസ്റ്റഡിയില്‍ വച്ച് മരിച്ചത്.

നേരത്തെ ദുരൂഹമരണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ്, പോസ്റ്റ്മോര്‍ട്ടത്തില്‍ വിഗ്നേഷിന്റെ ശരീരത്തില്‍ 13 മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതക കേസാക്കി മാറ്റുകയായിരുന്നു. കഴിഞ്ഞ മാസം 18ാം തിയതിയാണ് കഞ്ചാവ് കൈവശം വച്ചതിനും പൊലീസുകാരനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും വിഗ്നേഷ് അറസ്റ്റിലായത്.  അടുത്ത ദിവസം യുവാവ് മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സബ് ഇന്‍സ്‌പെക്ടര്‍, ഒരു കോണ്‍സ്റ്റബിള്‍, ഒരു ഹോം ഗാര്‍ഡ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്നലെ നിരവധി പൊലീസുകാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എസ്സി/എസ്ടി നിയമപ്രകാരവും കേസെടുക്കും. എത്ര പൊലീസുകാരെ അറസ്റ്റുചെയ്യുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അന്വേഷണം തുടരാന്‍ സിബി-സിഐഡിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം വിഗ്നേഷിന് തലയിലും കണ്ണിനും കവിളിനും മുകളിലും പരിക്കുകളുണ്ടായിരുന്നു. മറ്റ് ചില പരിശോധന റിപ്പോര്‍ട്ടുകള്‍ ഇതുവരെ വന്നിട്ടില്ലാത്തതിനാല്‍ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൈയിന്റെയും കാലിന്റെയും എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. പുറം ഭാഗത്തും മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു.

വിഗ്നേഷിന് കസ്റ്റഡിയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് പൊലീസ് അവകാശപ്പെട്ടിരുന്നത്. പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പൊലീസിന്റെ വാദം പൊളിയുകയായിരുന്നു.