സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനുവാദം കൂടാതെ സമ്മാനങ്ങള്‍ വാങ്ങരുതെന്ന് യോഗി സര്‍ക്കാര്‍

അനുവാദം കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരില്‍ നിന്നും സമ്മാനം വാങ്ങരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി മഹേഷ് ഗുപ്ത ഉദ്യോഗസ്ഥര്‍ സമ്മാനങ്ങള്‍ കൈപ്പറ്റുന്നത് വിലക്കിക്കൊണ്ട് ഉത്തരവിറക്കി.

നിയമസഭയിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും ഔദ്യോഗിക വസതികളിലും ആരും സമ്മാനങ്ങളുമായി വരാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. മുന്‍കൂര്‍ അനുമതിയുണ്ടെങ്കില്‍ മാത്രമേ സമ്മാനങ്ങള്‍ വാങ്ങാന്‍ കഴിയൂ.

പണം കൈമാറുന്നത് അഴിമതിയായി കണക്കാക്കുമെന്നതിനാല്‍ ഉപഹാരങ്ങളുടെ രൂപത്തിലാണ് അഴിമതി നടക്കുന്നത്. പുതുവര്‍ഷ കലണ്ടര്‍ മുതല്‍ വിശേഷ ദിവസങ്ങളിലെ സമ്മാനങ്ങളും വിവാഹ ദിനങ്ങളില്‍ ലഭിക്കുന്ന ഉപഹാരങ്ങളുടെയും രൂപത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിലയേറിയ വസ്തുക്കള്‍ ലഭിക്കാറുണ്ട്. ഇത് തടയുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയത്.

ഔദ്യോഗിക യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയും ഒമ്പത് മണിയാകുമ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണമെന്ന് കാട്ടിയും സര്‍ക്കാര്‍ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല സര്‍ക്കാര്‍ ഓഫീസുകളില്‍ ഗുഡ്കയും പാന്‍മസാലകളും ഉപയോഗിക്കുന്നതും വിലക്കിയിരുന്നു.