എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായതിന്റെ തൊട്ടടുത്ത ദിവസം വിമര്‍ശകനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി യോഗി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും തരംഗമാകുമെന്ന പ്രവചനങ്ങള്‍ വന്നതോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ തന്റെ വിമര്‍ശകനായ മന്ത്രിയെ പുറത്താക്കി. വിമത മന്ത്രിയും സുഹല്‍ദേവ് സമാജ് വാദി പാര്‍ട്ടി നേതാവുമായ ഒപി രാജ്ബാറിനെയാണ് യോഗി ആദിത്യനാഥ് പുറത്താക്കിയത്.

കഴിഞ്ഞ ഏപ്രില്‍ 13ന് രാജ്ബര്‍ മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രാജിക്കത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. രാജി സ്വീകരിക്കണോ വേണ്ടയോ എന്നത് ബി.ജെ.പിയാണ് തീരുമാനിക്കേണ്ടതെന്നും, സര്‍ക്കാരുമായി ഇനി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ തന്നെ പുറത്താക്കിയതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും ഞാന്‍ ഏപ്രിലില്‍ തന്നെ ബിജെപിയുമായുള്ള എല്ലാം ബന്ധവും അവസാനിപ്പിച്ചതാണെന്നും രാജ്ബാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

യോഗി ആദിത്യനാഥിനെയും ബിജെപി സര്‍ക്കാരിനെയും അദ്ദേഹം നിരന്തരം വിമര്‍ശിക്കാറുണ്ടായിരുന്നു. സഖ്യ കക്ഷികളെയും പിന്നോക്ക സമുദായത്തെയും അവഗണിക്കുന്ന യോഗിയുടെ നടപടിയില്‍ അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു.

നേരത്തെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാഗമായിരുന്നു രാജ്ബാറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി. എന്നാല്‍ ഇവര്‍ ബി.ജെ.പിയുമായി ഇടഞ്ഞ് സഖ്യം ഉപേക്ഷിക്കുകയായിരുന്നു.