ദക്ഷിണേന്ത്യയില്‍ നിന്നും ജനവിധി തേടാന്‍ രാഹുലിനോട് ആദ്യം നിര്‍ദേശിച്ചത് യെച്ചൂരിയെന്ന് റിപ്പോര്‍ട്ട് , വയനാട്ടില്‍ പ്രചാരണ പരിപാടികളില്ലാതെ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി

ദക്ഷിണേന്ത്യയില്‍ നിന്നും ജനവിധി തേടാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ആദ്യം നിര്‍ദേശിച്ചത് സി.പി.എം  ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു.പി.എയിലെ എല്ലാ ഘടകകക്ഷികളും ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്യുകയായിരുന്നു. ബിജെപിയെ തോല്‍പ്പിക്കുന്നതിന് ഇത് സഹായകരമാകുമെന്നാണ് യു.പി.എ.യിലെ എല്ലാ ഘടകകക്ഷികളും പറഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്.

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതറാം കേരളത്തിലെ പ്രചാരണ പരിപാടികളില്‍ വയനാട്ടിനെ ഒഴിവാക്കിയിട്ടുണ്ടെന്നും മാതൃഭൂമി പറയുന്നു. രാഹുലുമായിട്ടുള്ള അടുപ്പമാണ് ഇതിന് കാരണമെന്നും മാതൃഭൂമി കൂട്ടിച്ചേര്‍ക്കുന്നു.

വയനാട്ടിലേക്ക് ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ടു ചോദിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വരും. ഇക്കാര്യം ഹൈക്കമാന്‍ഡ് ഇതിനകം സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ മണ്ഡലമായ അമേത്തിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബേലറിയിലും പ്രിയങ്ക വോട്ട് തേടുന്നത് പതിവാണ്.

ഇക്കുറി അമേത്തിക്കു പുറമെ രാഹുല്‍ വയനാട്ടിലും മത്സരിക്കുമ്പോള്‍ പതിവു പോലെ സഹോദരന് വേണ്ടി വോട്ട് ചോദിക്കാന്‍ പ്രിയങ്ക എത്തുമെന്നാണ് അറിയിപ്പ്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ എസ്പിജി സംഘം ഇന്ന് വയനാട്ടില്‍ പരിശോധന നടത്തും. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഒരുക്കാനാണ് ഇത്. വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം നാലിന് നാമനിര്‍ദേശ പത്രിക നല്‍കും.