തുറസ്സായ സ്ഥലങ്ങളിൽ നിസ്കരിക്കുന്നത് വെച്ചു പൊറുപ്പിക്കില്ല: ഹരിയാന മുഖ്യമന്ത്രി

ഗുഡ്ഗാവിൽ തുറസ്സായ സ്ഥലങ്ങളിൽ ജുമാനമസ്കാരം നടത്തരുതെന്ന് ഹരിയാന മുഖ്യമന്ത്രി എം എൽ ഖട്ടർ വെള്ളിയാഴ്ച പറഞ്ഞു. 2018-ൽ ഹിന്ദു സമുദായത്തിലെ അംഗങ്ങളുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് നഗരത്തിലെ നിയുക്ത സ്ഥലങ്ങളിൽ നമസ്‌കരിക്കാൻ അനുവദിച്ച്‌ കൊണ്ട് ഉണ്ടാക്കിയ മുൻ ഉടമ്പടി ഇതോടെ സർക്കാർ പിൻവലിച്ചു.

അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ പ്രാർത്ഥിക്കുന്ന മുസ്ലിങ്ങളെ വലതുപക്ഷ ഹിന്ദു സംഘടനകൾ ആവർത്തിച്ച് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നനിടയിലാണ് ഖട്ടറിന്റെ പ്രസ്താവന.

ഉൾപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുമായും ഗുഡ്ഗാവ് ഭരണകൂടം വീണ്ടും ചർച്ചകൾ നടത്തുകയാണെന്നും ആരുടെയും അവകാശങ്ങൾക്ക് മേലെ കടന്നുകയറാത്ത “സൗഹാർദ്ദപരമായ പരിഹാരം” ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുവരെ ആളുകൾ അവരുടെ വീടുകളിലും മറ്റ് ആരാധനാലയങ്ങളിലും പ്രാർത്ഥന നടത്തണം.

“ഞാൻ പൊലീസുമായി സംസാരിച്ചു, ഈ പ്രശ്നം പരിഹരിക്കണം. ആരാധനാലയങ്ങളിൽ ആരെങ്കിലും പ്രാർത്ഥിക്കുന്നതിനോട് ഞങ്ങൾക്ക് പ്രശ്‌നങ്ങളൊന്നുമില്ല. ആ സ്ഥലങ്ങൾ ഇതിനായി നിർമ്മിച്ചതാണ്.” മാധ്യമപ്രവർത്തകരോട് സംസാരിച്ച ഖട്ടർ പറഞ്ഞു. എന്നാൽ ഇവ തുറന്നിടത്ത് ചെയ്യരുത്. തുറസ്സായ സ്ഥലത്ത് നമസ്‌കരിക്കുന്നത് ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കയ്യേറിയിട്ടുണ്ടാകാൻ സാധ്യതയുള്ള വഖഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ സ്വതന്ത്രമാക്കാൻ സഹായിക്കുന്നതിനുള്ള മാർഗങ്ങൾ ഭരണകൂടം തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ഉടമസ്ഥതയിലുള്ള തുറസ്സായ ഭൂമിയിൽ മുസ്ലിങ്ങൾ നമസ്‌കാരം നടത്തുന്നതിനെതിരെ തീവ്ര വലതുപക്ഷ സംഘടനകൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്‌. മുസ്ലിങ്ങൾ ഇത്തരത്തിൽ പ്രാത്ഥിച്ചിരുന്ന സ്ഥലത്ത് കഴിഞ്ഞ മാസം ഹിന്ദു സംഘടനകൾ ചാണകം വിതറിയത് വാർത്തയായിരുന്നു. മറ്റൊരു സന്ദർഭത്തിൽ, സമാധാനപരമായി പ്രാർത്ഥിക്കുകയായിരുന്ന മുസ്ലീങ്ങൾക്ക് നേരെ “ജയ് ശ്രീറാം” വിളികളുമായി ഹിന്ദു സംഘടനകൾ എത്തി.

ഒക്ടോബറിൽ ഹിന്ദു സംഘടനകൾ സെക്ടർ 12-എയിൽ പ്രാർത്ഥന തടസ്സപ്പെടുത്തിയത് സംഘർഷം ആളിക്കത്തിച്ചു. കനത്ത പൊലീസ് സന്നാഹത്തോടെ ആണ് അന്ന് മുസ്ലിങ്ങൾ പ്രാർത്ഥന നടത്തിയത്. സംഭവത്തിൽ 30 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇതിന് ശേഷം, മുമ്പ് സമ്മതിച്ച 37 സൈറ്റുകളിൽ എട്ടെണ്ണത്തിലും മുസ്ലിങ്ങൾക്ക് പ്രാർത്ഥിക്കാൻ അനുവാദമില്ലെന്ന് നവംബർ 2 ന് ഗുഡ്ഗാവ് ഭരണകൂടം പറഞ്ഞു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്നാണ് അനുമതി റദ്ദാക്കിയതെന്നും സമാനമായ എതിർപ്പുകൾ ഉയർന്നാൽ മറ്റ് സൈറ്റുകൾക്കുള്ള അനുമതി റദ്ദാക്കുമെന്നും ഭരണകൂടം അറിയിച്ചു.

“റോഹിങ്ക്യൻ അഭയാർത്ഥികൾ” പ്രദേശത്ത് കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രാർത്ഥനയെ ഒരു ഒഴികഴിവായി ഉപയോഗിക്കുന്ന എന്ന വാദവും ഹിന്ദു സംഘടനകൾ ഉന്നയിച്ചിരുന്നു.

പ്രതിഷേധം ആദ്യം വാർത്തയായപ്പോൾ, എല്ലാവർക്കും പ്രാർത്ഥിക്കാൻ അവകാശമുണ്ടെന്ന് ഖട്ടർ പറഞ്ഞിരുന്നു , എന്നാൽ “പ്രാർത്ഥന നടത്തുന്നവർ റോഡ് ഗതാഗതം തടയരുത്” എന്ന് പറഞ്ഞുകൊണ്ട് ഒരു മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി.

Read more

അതേസമയം പ്രാർത്ഥനയ്ക്കായി സൈറ്റുകൾ നിയുക്തമാക്കിയിട്ടുണ്ടെങ്കിൽ ആളുകളെ പ്രാർത്ഥിക്കാൻ അനുവദിക്കണമെന്ന് ഹരിയാനയിലെ നിയോജകമണ്ഡലത്തിൽ നിന്നുള്ള കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി കൃഷൻ പാൽ ഗുർജാർ പറഞ്ഞു.