ജാമിയയില്‍ വെടിവെയ്പ്പ് നടത്തിയ അക്രമിയ്ക്ക് പണം നല്‍കിയത് ആരെന്ന് രാഹുല്‍ ഗാന്ധി

ജാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വെടിവെയ്ക്കാന്‍ അക്രമിക്ക് പണം നല്‍കിയതാരെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അക്രമി ഒരു സംഘടനയിലും പ്രവര്‍ത്തിക്കുന്ന വ്യക്തിയല്ലെന്നാണ് പൊലീസിന്റെ വാദം. അങ്ങനെയെങ്കില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ പണം കൊടുത്ത് അക്രമിയെ അയച്ചതാരെന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

ജാമിയ മിലിയയില്‍ നടന്ന സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

അതേസമയം ജാമിയയില്‍ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധിയുടെ ഉദ്ധരണി വ്യാഴാഴ്ച രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.”എനിക്ക് നിങ്ങളെ അക്രമത്തെ കുറിച്ച് പഠിപ്പിക്കുവാന്‍ സാദ്ധ്യമല്ല. എന്തുകൊണ്ടെന്നാല്‍ ഞാന്‍ അതില്‍ വിശ്വസിക്കാത്തതു കൊണ്ട്. എന്നാല്‍ സ്വന്തം ജീവന്‍ കൊടുത്താലും ആരുടെ മുമ്പിലും എങ്ങനെ തല കുനിക്കാതിരിക്കാമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ എനിക്കാവും – മഹാത്മാ ഗാന്ധി” രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അതേസമയം പൗരത്വ നിയമ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത കൗമാരക്കാരനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ 17- കാരനെതിരെ ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

ഏതാനും ദിവസം മുമ്പ് ഇയാള്‍ നാടന്‍ പിസ്റ്റള്‍ വാങ്ങിയതായും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു.