ഞങ്ങൾക്ക് ഇത് സന്തോഷത്തിന്റെ നിമിഷം, വിധി വന്നപ്പോൾ "ജയ് ശ്രീ റാം" എന്ന് ചൊല്ലി: എൽ. കെ അദ്വാനി

രാമ ക്ഷേത്ര പ്രസ്ഥാനത്തോടുള്ള തന്റെയും ബിജെപിയുടെയും വിശ്വാസത്തെയും പ്രതിബദ്ധതയെയും ഈ വിധി ന്യായീകരിക്കുന്നതായി ബാബറി പള്ളി പൊളിച്ചുമാറ്റിയ ഗൂഢാലോചന കുറ്റത്തിൽ നിന്ന് കുറ്റവിമുക്തനായ ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി പറഞ്ഞു. വിധി വന്നപ്പോൾ താൻ “ജയ് ശ്രീ റാം” എന്ന് ചൊല്ലിയെന്നും “ഞങ്ങൾക്ക് ഇത് സന്തോഷത്തിന്റെ നിമിഷം” ആണെന്നും അദ്വാനി പറഞ്ഞു.

2019 നവംബറിൽ നൽകിയ സുപ്രീംകോടതിയുടെ മറ്റൊരു സുപ്രധാന വിധിന്യായത്തിന്റെ ചുവടു പിടിച്ചാണ് ഈ വിധി വന്നതെന്നും ഇത് ഒരു അനുഗ്രഹമായി തോന്നുന്നുവെന്നും അദ്വാനി പറഞ്ഞു, അയോദ്ധ്യയിൽ ഒരു മഹത്തായ രാമക്ഷേത്രം കാണണമെന്ന എന്റെ ദീർഘകാല സ്വപ്നത്തിന് ഇത് വഴിയൊരുക്കി എന്നും 92- കാരനായ അദ്വാനി പ്രസ്താവനയിൽ പറഞ്ഞു.

സുപ്രധാനമായ വിധിന്യായത്തെ താൻ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്വാനി പറഞ്ഞു.  “ദശലക്ഷക്കണക്കിന് നാട്ടുകാർക്കൊപ്പം, അയോദ്ധ്യയിലെ മനോഹരമായ രാമക്ഷേത്രത്തിന്റെ പൂർത്തീകരണത്തിനായി ഞാൻ കാത്തിരിക്കുന്നു,” അദ്വാനി കൂട്ടിച്ചേർത്തു.

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും ഇന്ന് സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടത്. പ്രത്യേക ജഡ്ജി എസ് കെ യാദവാണ് വിധി പറഞ്ഞത്. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷൻ ഹാജാരാക്കിയ ഫോട്ടോകൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.