ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ വിശദവിവരം പുറത്തു വിടണമെന്ന് മമത ബാനര്‍ജി, എത്ര പേര്‍ മരിച്ചെന്നും അവര്‍ ആരെല്ലാമെന്നും അറിയാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നും ബംഗാള്‍ മുഖ്യമന്ത്രി

പാകിസ്ഥാനിലെ ബാലാകോട്ടില്‍ ജയ്‌ഷേ മുഹമദ് കേന്ദ്രത്തില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ വിശദവിവരം പുറത്തു വിടണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഷ്ട്രീയമായ അനിവാര്യതയുടെ പേരില്‍ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം പാടില്ലെന്നും അവര്‍ പറഞ്ഞു.

“എത്ര ആളുകള്‍ വ്യോമാക്രമണത്തില്‍ മരിച്ചുവെന്നറിയാനുള്ള അവകാശം നമുക്കുണ്ട്. അവരാരാണെന്നും. വ്യോമാക്രമണത്തെ കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തില്‍ യഥാര്‍ത്ഥ്യം ഞങ്ങള്‍ക്ക് അറിയണം. രാജ്യത്തെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. എന്നാല്‍ ജവാന്മാരുടെ ശരീരം കൊണ്ട് രാഷ്ട്രീയം കളിക്കുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല”.-സെക്രട്ടേറിയറ്റില്‍ പത്രലേഖകരോട് മമത പറഞ്ഞു.

ഉറിയിലും പത്താന്‍കോട്ടും ഭീകരാക്രമണം നടന്നിട്ടും ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭീകരാക്രമണങ്ങള്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. പലപ്പോഴും മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നുവെങ്കിലും അത് അവഗണിച്ച് ജവാന്മാരുടെ ജീവന് എപ്പോഴും അപകടത്തിലാക്കുകയാണ്- അവര്‍ കൂട്ടി ചേര്‍ത്തു.

Read more

എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുക വഴി മമത ബാനര്‍ജി കസേരയുടെ മഹത്വം നഷ്ടപ്പെടുത്തുന്നുവെന്നാണ് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്ഹ കുറ്റപ്പെടുത്തിയത്.