ദുരന്ത ഭൂമിയായ കരൂര്‍ സന്ദര്‍ശിക്കാന്‍ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. കരൂര്‍ സന്ദര്‍ശിക്കുമെന്ന് വിജയ് കരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിനുശേഷമാണ് വിജയ് നിലപാട് അറിയിച്ചത്. മുന്നൊരുക്കങ്ങള്‍ നടത്താന്‍ കരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിജയ് നിര്‍ദേശം നല്കി. ഇതിനായി ഇരുപത് അംഗങ്ങളെ വിജയ് നിയോഗിച്ചു. ദുരന്തത്തിൽ മരിച്ചവരുടെയും സാരമായി പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ വിജയ് സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം.
അതേസമയം കരൂര്‍ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ മദ്രാസ് ഹൈക്കോടതി നിയോഗിച്ചു. സർക്കാർ എതിർപ്പ് മറികടന്നാണ് ഹൈക്കോടതിയുടെ തീരുമാനം. അതേസമയം ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെയും കോടതി രൂക്ഷഭാഷയിൽ വിമർശനം ഉന്നയിച്ചു.
കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടികളടക്കം മരിച്ചിട്ടും നേതാവ് സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാള്‍ക്ക് നേതൃഗുണം ഇല്ലെന്നും കോടതി വിമർശിച്ചു. എന്തുതരം രാഷ്ട്രീയ പാര്‍ട്ടി ആണിതെന്ന് ചോദിച്ച കോടതി ശക്തമായി അപലപിക്കുന്നുവെന്നും നിരീക്ഷിച്ചു.
ശനിയാഴ്ച വൈകിട്ടായിരുന്നു 41 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു.
Read more
വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.







