വെങ്കയ്യ നായിഡുവിന്റെ ഉപരാഷ്ട്രപതി കാലാവധി ഇന്ന് അവസാനിക്കും; ജഗദീപ് ധന്‍കര്‍ നാളെ ചുമതലയേല്‍ക്കും

എം വെങ്കയ്യ നായിഡുവിന്റെ ഉപരാഷ്ട്രപതി കാലാവധി ഇന്ന് അവസാനിക്കും. വിവാദ ബില്ലുകളിലടക്കം പ്രതിപക്ഷ ബഹളങ്ങളെ വകവെക്കാതെ സര്‍ക്കാരിനൊപ്പം നിലകൊള്ളുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. 2017 ആഗസ്റ്റ് 11നാണ് വെങ്കയ്യ നായിഡു ഇന്ത്യയുടെ 13-ാം രാഷ്ട്രപതിയായി ചുമതലയേറ്റത്.

രാജ്യസഭാ അധ്യക്ഷനെന്ന നിലയില്‍ നിയമനിര്‍മാണ സഭയെ സമ്പുഷ്ടമാക്കിയ നേതാവാണ് വെങ്കയ്യ നായിഡു. രാജ്യസഭ 13 സെഷനുകളിലായി 261 സിറ്റിംഗുകള്‍ നടത്തി.പാസാക്കിയവയും മടക്കിയതും അടക്കം 177 ബില്ലുകളാണ് വെങ്കയ്യ നായിഡുവിന്റെ കൈകളിലൂടെ കടന്നുപോയത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്ന ബില്‍, പൗരത്വ ഭേദഗതി ബില്‍, മുത്തലാഖ് ബില്‍, കാര്‍ഷിക ബില്‍ എന്നിങ്ങനെ പ്രധാനപ്പെട്ട് നിരവധി ബില്ലുകള്‍ അദ്ദേഹം പാസാക്കി.

അവസാനത്തെ സമ്മേളന കാലയളവില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ച 23 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന വെങ്കയ്യ നായിഡുവിന് കഴിഞ്ഞ ദിവസം രാജ്യസഭയിലും പാര്‍ലമെന്റ് സെന്റര്‍ ഹാളിലും യാത്രയയപ്പ് നല്‍കി.

അതേസമയം നാളെ ജഗ്ദീപ് ധന്‍കര്‍ പുതിയ ഉപരാഷ്ട്രപതിയായി ചുമതലേല്‍ക്കും. രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.