വെല്ലൂർ ലോക്സഭാ തെരഞ്ഞെടുപ്പ്; 8,000 ത്തിലധികം വോട്ടുകൾക്ക് ഡി.എം.കെയുടെ കതിർ ആനന്ദ് വിജയിച്ചു

വെല്ലൂർ പാർലമെന്ററി നിയോജകമണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സ്ഥാനാർഥി ഡി.എം കതിർ ആനന്ദ് 8141 വോട്ടുകൾക്ക് വിജയിച്ചു. എ.ഐ.എ.ഡി.എം.കെയിലെ എ.സി.ഷൺമുഖത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കതിർ ആനന്ദ് വിജയിച്ചിരിക്കുന്നത്. വോട്ടെണ്ണൽ ഇന്ന് രാവിലെ തുടങ്ങിയപ്പോൾ എ.സി.ഷൺമുഖം ആയിരുന്നു മുന്നിൽ. എന്നാൽ ഉച്ചക്ക് ശേഷം സ്ഥിതി മാറിമറിഞ്ഞ് കതിർ ആനന്ദിന് അനുകൂലമാകുകയായിരുന്നു.

ഡി‌.എം‌.കെ നേതാവിന്റെ സഹായിയിൽ നിന്ന് വൻതോതിൽ പണം കണ്ടെടുത്തതിനെ തുടർന്ന് ഏപ്രിൽ 16 നാണ് വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. പൊതുതെരഞ്ഞെടുപ്പിനൊപ്പം ഏപ്രിൽ 18 ന് നടക്കേണ്ടതായിരുന്നു വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്. വോട്ടര്‍മാര്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥികള്‍ വ്യാപകമായി പണവും പാരിതോഷികങ്ങളും വിതരണം ചെയ്യുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു, തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.