വാലന്റെയ്ന്‍സ് ഡേ അമര്‍ജവാന്‍ ദിനമായി പ്രഖ്യാപിക്കണം; പ്രതിഷേധവുമായി ബജ്റംഗ്ദള്‍

ആന്ധ്രയിലെ ഹൈദരാബാദില്‍ വാലന്റെയ്ന്‍സ് ദിനാചരണത്തിനെതിരെ പ്രതിഷേധവുമായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. ശനിയാഴ്ചയായിരുന്നു പ്രതിഷേധം. ഫെബ്രുവരി 14 വാലന്റെയ്ന്‍സ് ദിനമായല്ല ആഘോഷിക്കേണ്ടത്. ആ ദിവസം അമര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വാലന്റെയ്ന്‍സ് ദിനവുമായി ബന്ധപ്പെട്ട ആശംസാ കാര്‍ഡുകളും കോലങ്ങളും കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.

ഇത്തരം ആഘോഷങ്ങളുടെ പേരില്‍ ആശംസ കാര്‍ഡുകളും മറ്റ് സാമഗ്രികളും വിറ്റഴിച്ച് കമ്പനികള്‍ പണം ഉണ്ടാക്കുവാനാണ് ശ്രമിക്കുന്നത് എന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഇങ്ങനെ ഒരു ദിനം ഇന്ത്യയില്‍ ഇല്ല. ഇത് അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. മഹാഭാരതത്തിലേതും രാമായണത്തിലേതും പോലെ നിരവധി പ്രണയകഥകള്‍ ഇന്ത്യയില്‍ ഉണ്ടെന്നും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

40 സൈനികരാണ് പുല്‍വാമയില്‍ ജീവന്‍ വെടിഞ്ഞത്. അവരുടെ ജീവത്യാഗത്തെ കുറിച്ചാണ് യുവാക്കള്‍ അറിയേണ്ടത്. അതിനാല്‍ ഫെബ്രുവരി 14 അമര്‍ ജവാന്‍ ദിനമായി പ്രഖ്യാപിക്കണമെന്ന് ബജ്റംഗ്ദള്‍ കേന്ദ്ര സര്‍ക്കാറിനോടും തെലങ്കാന സര്‍ക്കാറിനോടും ആവശ്യപ്പെടുകയും ചെയ്തു.